Breaking News

ഇന്നലത്തെയപേക്ഷിച്ച് കൂടുതൽ വാഹനങ്ങൾ റോഡിൽ, ലുലുമാളിന് മുന്നിൽ പ്രതിഷേധം, കെഎസ്ആർടിസി ഇല്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ നടക്കുന്ന 48 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് രണ്ടാം ദിനത്തിലേക്ക്. കെഎസ്ആർടിസി സർവീസ് ഇന്നും ഇല്ല. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് പലയിടങ്ങളിലും സ്വകാര്യ വാഹനങ്ങൾ ഓടിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ചിലയിടങ്ങളിൽ വാഹനങ്ങൾ തടഞ്ഞു സമരക്കാരുടെ ബോധവൽക്കരണം നടക്കുന്നുണ്ട്. തിരുവനന്തപുരം ലുലുമാളിന് മുന്നിൽ പ്രതിഷേധമുണ്ടായി. ജീവനക്കാരെ അകത്തേക്ക് കയറ്റി വിട്ടില്ല. ലുലു മാൾ ഗേറ്റ് പൂട്ടിയിട്ടിരിക്കുകയാണ്. കൊച്ചിയിലും കോഴിക്കോടും പെട്രോൾ പമ്പുകൾ തുറന്നു. പമ്പുകൾ അടപ്പിക്കാനുള്ള ശ്രമവുമുണ്ടായി. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർ നിർബന്ധമായും ജോലിക്കെത്തണം എന്ന ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യ ദിനം കടകളും. കമ്പോളങ്ങളും അടഞ്ഞുകിടന്നു. പലയിടങ്ങളിലും കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ടാക്‌സികളും സർവീസ് നടത്തിയില്ല. ചിലയിടങ്ങളിൽ ആക്രമണ സംഭവങ്ങളുമുണ്ടായിരുന്നു. ജോലിക്കെത്തിയ തൊഴിലാളികളെ തിരിച്ചയക്കുകയും പ്രതിഷേധങ്ങളും ചിലയിടങ്ങളിൽ ഉണ്ടായി.

സർക്കാർ ജീവനക്കാർക്ക് ഡയസ്‌നോൺ ബാധകമാണെങ്കിലും രണ്ടാംദിവസവും പണിമുടക്ക് തുടരുമെന്ന് എൽ.ഡി.എഫ്., യു.ഡി.എഫ്. അനുകൂല സംഘടനകൾ വ്യക്തമാക്കി. ചൊവ്വാഴ്ചയും പണിമുടക്ക് തുടരുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.

13 ശതമാനം വാഹനങ്ങൾ മാത്രമാണ് ആദ്യ ദിനത്തിൽ തിരുവനന്തപുരത്ത് നിരത്തിലിറങ്ങിയത്. രണ്ടാം ദിനത്തിൽ, കെ.എസ്.ആർ.ടി.സിയിലെ കൂടുതൽ ജീവനക്കാർ ജോലിക്ക് എത്തിയാൽ മാത്രമേ സർവീസുകൾ നടത്താൻ സാധിക്കൂ. ജീവനക്കാർക്ക് ജോലിക്ക് ഹാജരാകാൻ വാഹനസൗകര്യം ഏർപ്പെടുത്താൻ ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങിയേക്കും.

പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ എറണാകുളത്തും വാഹനങ്ങൾ രാവിലെത്തന്നെ ഓടിത്തുടങ്ങിയിട്ടുണ്ട്. ചെറുകിട സ്ഥാപനങ്ങളും കടകളും തുറന്ന് പ്രവർത്തിക്കുമെന്ന് സംയുക്ത വ്യാപാര വ്യവസായ സംഘടന നേരത്തെ തന്നെ അറിയിച്ചിരുന്നു. ചില ആളുകൾക്ക് മാത്രം സമരത്തിൽ പരിഗണന ലഭിക്കുന്നു എന്ന ആക്ഷേപങ്ങൾ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ ഉയർന്നിരുന്നു. ചില ആളുകളുടെ കടകളും സ്ഥാപനങ്ങളും തുറക്കുന്നതിന് തടസമുണ്ടാകുന്നില്ല. എന്നാൽ ചെറുകിട സ്ഥാപനങ്ങൾ അക്രമിക്കപ്പെടുന്നു, നിർബന്ധിച്ച് കടകൾ അടപ്പിക്കുന്നു, ഇത് അംഗീകരിക്കാൻ സാധിക്കില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇന്ന് കടകൾ എല്ലാം തുറക്കുമെന്ന് എറണാകുളം ജില്ലയിലെ സംയുക്ത വ്യാപാര വ്യാവസായ സംഘടന അറിയിച്ചത്.

കോഴിക്കോട് പണിമുടക്കിന്റെ ആദ്യ ദിനത്തിൽ ഹർത്താലിന് സമാനമായിരുന്നെങ്കിലും വൈകുന്നേരത്തോടെ ആളുകൾ പുറത്തിറങ്ങിയിരുന്നു. ഗ്രാമീണ മേഖലകളിൽ കടകളിൽ തുറന്നിരുന്നുവെങ്കിലും നഗരങ്ങളിൽ കടകളൊക്കെ അടഞ്ഞു കിടക്കുകയായിരുന്നു. എന്നാൽ രണ്ടാം ദിനത്തിൽ കടകളൊക്കെ തുറന്നു പ്രവർത്തിക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിരിക്കുന്നത്. പണിമുടക്കിന്റെ ആദ്യ ദിനത്തിൽ കൊച്ചിയിൽ മാളുകളൊക്കെ തുറക്കുന്ന സാഹചര്യത്തിൽ ചെറുകിട കച്ചവടക്കാരെ തകർക്കാൻ വേണ്ടിയാണ് എന്നാരോപിച്ചു കൊണ്ടാണ് കടകൾ തുറക്കാൻ തീരുമാനിച്ചത്. അതേസമയം കോഴിക്കോടിലെ പെട്രോൾ പമ്പുകൾ നിർബന്ധമായും തുറന്നു പ്രവർത്തിക്കണമെന്ന് കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പമ്പുകൾ അതിരാവിലെ തന്നെ തുറന്നു പ്രവർത്തിക്കുന്നുണ്ട്. പമ്പുകളിൽ വലിയ തിരക്കുകളാണ് അനുഭവപ്പെടുന്നത്. കൊച്ചിയിലെ പെട്രോൾ പമ്പുകളും തുറന്നു പ്രവർത്തിക്കുന്നുണ്ട്. അതേസമയം ഇന്നും ഇന്ധന വില വർധിച്ചിരിക്കുകയാണ്.

കോഴിക്കോട് കളക്ടറേറ്റിൽ 234 ജീവനക്കാരിൽ 5 പേർ മാത്രമാണ് പണിമുടക്കിന്റെ ആദ്യ ദിനത്തിൽ എത്തിയത്. ഡയസ്നോൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ന് എത്രത്തോളം ജീവനക്കാർ എത്തുമെന്നത് വൈകാതെ വ്യക്തമാകും. കെ.എസ്.ആർ.ടി.സിയുടെ ബോണ്ട് സർവീസുകളും ഉണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top