Breaking News

പൊതുപണിമുടക്ക് പുരോഗമിക്കുന്നു, കേരളത്തിൽ ആദ്യ മണിക്കൂറുകളിൽ പൂർണം

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേന്ദ്ര ട്രേഡ്‌ യൂണിയന്‍ ആഹ്വാനം ചെയ്‌ത രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തുടങ്ങി. കേരളത്തിൽ കെഎസ്ആർടിസി സർവീസുകൾ ഇല്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ഓട്ടോ ടാക്സി സർവീസുകളും ഇല്ല. വ്യാപാര സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊച്ചി ബി പി സി എല്ലിലേക്ക് ഒരു വിഭാഗം തൊഴിലാളികള്‍ ജോലിക്ക് എത്തിയെങ്കിലും ഇവരെ സമര അനുകൂലികള്‍ തടഞ്ഞു. ബി പി സി എല്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടത്തോടെ തടഞ്ഞിട്ടിരിക്കുകയാണ്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കടത്തിവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്.

സൊമാറ്റോ സ്വിഗ്ഗി ഉൾപ്പെടെയുള്ള ഓൺലൈൻ ഫുഡ് സർവീസുകൾക്ക് തടസ്സം നേരിടുന്നുണ്ട്. ഹോട്ടലുകൾ മിക്കവയും തുറക്കാത്തത് അവർക്ക് ഭക്ഷണം ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാക്കുന്നു.

ഞായറാഴ്ച അര്‍ദ്ധരാത്രി തുടങ്ങിയ പണിമുടക്ക് ചൊവ്വാഴ്‌ച അര്‍ധരാത്രിവരെ തുടരും. ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.

സര്‍വീസ് സംഘടനകള്‍ ഉള്‍പ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ പണിമുടക്ക് ഹര്‍ത്താലാകും. തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴില്‍ നിയമങ്ങള്‍ പിന്‍വലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കര്‍ഷകസംഘടനകള്‍ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക തുടങ്ങിയവയാണ് സമരത്തിലെ പ്രധാന ആവശ്യങ്ങള്‍.

എല്‍ഐസി ഉള്‍പ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുന്നതിനെതിരെയും സമരക്കാര്‍ പ്രതിഷേധം ഉയര്‍ത്തുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. ഓട്ടോ, ടാക്സി സര്‍വീസുകളും പണിമുടക്കില്‍ പങ്കെടുക്കും.ഹോട്ടലുകള്‍ തുറക്കില്ല. സ്വിഗ്വി സൊമാറ്റോ തുടങ്ങിയ സര്‍വ്വീസുകളും ഉണ്ടാകില്ലെന്നാണ് സൂചന. അതേസമയം പാല്‍, പത്രം, ആശുപത്രികള്‍, എയര്‍പോര്‍ട്ട്, ഫയര്‍ ആന്‍റ് റെസ്ക്യൂ എന്നീ അവശ്യസര്‍വീസുകളെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ പമ്ബുകള്‍ അടയ്‌ക്കണമെന്ന്‌ പെട്രോള്‍ ട്രേഡേഴ്സ് സമിതി അഭ്യര്‍ത്ഥിച്ചു. പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച്‌ കര്‍ഷക സംഘടനകള്‍ രണ്ടു ദിവസത്തെ ഗ്രാമീണ ബന്ദും പ്രഖ്യാപിച്ചിട്ടുണ്ട്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top