Breaking News

പൊതുപണിമുടക്കില്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കും, വാഹനഗതാഗതം മുടങ്ങും

തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികള്‍ പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്ന് ട്രേഡ് യൂണിയന്‍ സംയുക്തസമിതി. മാര്‍ച്ച് 28 രാവിലെ ആറ് മണിമുതല്‍ 30 രാവിലെ ആറ് മണിവരെയാണ് പണിമുടക്ക്. കേന്ദ്രത്തില്‍ ബിഎംഎസ് ഒഴികെ ഇരുപതോളം തൊഴിലാളി സംഘടനകള്‍ പണിമുടക്കിന്റെ ഭാഗമാകുമെന്നും സംയുക്തസമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.

വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരും പണിമുടക്കില്‍ പങ്കെടുക്കും. കര്‍ഷകസംഘടനകള്‍, കര്‍ഷകതൊഴിലാളി സംഘടനകള്‍, കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകള്‍, അധ്യാപകസംഘടനകള്‍, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവരും പണിമുടക്കില്‍ പങ്കെടുക്കും. വ്യോമയാനമേഖലയിലെ തൊഴിലാളികളുടെയും റെയില്‍വെ തൊഴിലാളികളുടെയും സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്നും സംയുക്തസമിതി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ ചേര്‍ന്നാണ് പണിമുടക്കിന്റെ ഭാഗമാകുന്നത്. ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്റ് റസ്‌ക്യൂ പോലുള്ള ആവശ്യ സര്‍വീസുകള്‍ എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, അവശ്യ പ്രതിരോധ സേവന നിയമം റദ്ദാക്കുക, കര്‍ഷകരുടെ ആറു ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക, പൊതുമേഖല സ്വകാര്യവല്‍ക്കരണവും ദേശീയ ആസ്തി വില്‍പനയും നിര്‍ത്തിവെക്കുക, കോവിഡിന്റെ ഫലമായി സംഭവിച്ച വരുമാന നഷ്ടപരിഹാരമായി ആദായ നികുതിയില്ലാത്തവര്‍ക്ക് പ്രതിമാസം 7500 രൂപ നല്‍കുക, ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വര്‍ദ്ധിപ്പിക്കുക, അസംഘടിത തൊഴിലാളികള്‍ക്ക് സാര്‍വത്രിക സാമൂഹ്യസുരക്ഷാപദ്ധതി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top