Breaking News

കേന്ദ്ര മന്ത്രിമാർ യുക്രൈൻ അതിർത്തികളിലേക്ക്, രക്ഷാദൗത്യം ഏകോപിപ്പിക്കും

ന്യൂഡല്‍ഹി: റഷ്യന്‍ ആക്രമണം ശക്തമായി തുടരുന്നതിനിടെ, യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി കേന്ദ്രസര്‍ക്കാര്‍.രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി കേന്ദ്രമന്ത്രിമാരെ യുക്രൈന്‍ അതിര്‍ത്തികളിലേക്ക് അയക്കാന്‍ തീരുമാനിച്ചു.

റഷ്യന്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍, പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. ഇതു രണ്ടാം തവണയാണ് പ്രധാനമന്ത്രി ഉന്നത തലയോഗം വിളിക്കുന്നത്. ഇന്നലെയും മോദി യോഗം വിളിച്ച്‌ രക്ഷാദൗത്യത്തിന്റെ പുരോഗതി വിലയിരുത്തിയിരുന്നു.

കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ വെ കെ സിങ് എന്നിവരെയാണ് യുക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലേക്ക് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിനായി അയക്കുക.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച്‌ നാട്ടിലെത്തിക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇന്ന് പ്രധാനമന്ത്രി വിളിച്ച ഉനന്തതലയോഗത്തില്‍ കേന്ദ്രമന്ത്രിമാരായ എസ് ജയശങ്കര്‍, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗഌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇതുവരെ യുക്രൈനില്‍ നിന്നുള്ള ഇന്ത്യാക്കാരുമായി അഞ്ചു വിമാനങ്ങള്‍ രാജ്യത്തെത്തി. യുക്രൈനില്‍ നിന്നും രാജ്യത്തെത്തിച്ച ഇന്ത്യാക്കാരുടെ എണ്ണം 1156 ആയി. 200 ഇന്ത്യാക്കാര്‍ ഇന്ന് പോളണ്ട് അതിര്‍ത്തി കടന്ന് എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 90 മലയാളികളുമുണ്ട്. 45 ഇന്ത്യാക്കാര്‍ ബസില്‍ മാള്‍ഡോവയിലെത്തി. ഇവര്‍ക്കായി സൈനിക ആശുപത്രി മാള്‍ഡോവ തുറന്നു നല്‍കി.ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ എത്തിയശേഷം ഇവരെ റൊമേനിയയിലേക്ക് കൊണ്ടുപോകും.

അതിനിടെ യുക്രൈന്‍ നഗരങ്ങളില്‍ റഷ്യന്‍ സേന ആക്രമണം കടുപ്പിച്ചു. തലസ്ഥാനമായ കീവ് റഷ്യന്‍ സൈന്യം വളഞ്ഞു. കീവില്‍ നിരവധി സ്‌ഫോടനങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്‍ സൈന്യം ശക്തമായ ചെറുത്തുനില്‍പ്പാണ് നടത്തുന്നത്. സാപ്രോഷ്യ വിമാനത്താവളത്തിന് സമീപം ബോംബ് സ്‌ഫോടനമുണ്ടായി.

മറ്റൊരു നഗരമായ ഹാര്‍കീവിലും കനത്ത പോരാട്ടമാണ് നടക്കുന്നത്. തെക്കന്‍ തുറമുഖ നഗരങ്ങള്‍ റഷ്യ നിയന്ത്രണത്തിലാക്കിയതായാണ് വിവരം. ബൊര്‍ദ്യാന്‍സ്‌ക് നഗരം റഷ്യ പിടിച്ചെടുത്തു. ചെര്‍ണഹീവില്‍ ജനവാസകേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യ മിസൈവല്‍ ആക്രമണം നടത്തി. രണ്ടു നില കെട്ടിടം കത്തിനശിച്ചു. യുക്രൈന്റെ 1067 സൈനിക താവളങ്ങളില്‍ ആക്രമണം നടത്തിയെന്ന് റഷ്യ വ്യക്തമാക്കി.

റഷ്യന്‍ നടത്തുന്ന സൈനിക ആക്രമണത്തില്‍ 352 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍. ഇതില്‍ 16 പേര്‍ കുട്ടികളാണ് 1684 പേര്‍ക്ക് പരിക്കേറ്റു. 4500 റഷ്യന്‍ സൈനികരെ വധിച്ചതായും യുക്രൈന്‍ അവകാശപ്പെട്ടു. റഷ്യയുടെ 150 ടാങ്കുകളും 700 സൈനിക വാഹനങ്ങളും തകര്‍ത്തതായും യുക്രൈന്‍ സൈന്യം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top