Breaking News

ഇന്ത്യയുടെ രക്ഷാ ദൗത്യം മുടങ്ങി,കീവിലേക്ക് പോയ എയർ ഇന്ത്യ വിമാനം മടങ്ങി

യുക്രൈനില്‍ കുടുങ്ങിയവരെ തിരികെയെത്തിക്കാനുള്ള ഇന്ത്യയുടെ രക്ഷാ ദൗത്യം മുടങ്ങി. വിമാനത്താവളങ്ങള്‍ അടച്ചതിനെ തുടര്‍ന്ന് യുക്രൈനിലേക്ക് പുറപ്പെട്ട വിമാനം തിരികെ മടങ്ങി.കീവിലേക്ക് പോയ എയര്‍ ഇന്ത്യ 1947 വിമാനമാണ് തിരികെ വരുന്നത്.

ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ എത്തിയപ്പോഴാണ് എയര്‍ പോര്‍ട്ട് അടച്ച വിവരം എയര്‍ ഇന്ത്യയ്ക്ക് ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് തിരികെ പറക്കുകയായിരുന്നു.

യുക്രൈനിലേക്ക് ഈ ആഴ്ച മൂന്നു വിമാനങ്ങളാണ് എയര്‍ ഇന്ത്യ ഷെഡ്യൂള്‍ ചെയ്തിരുന്നത്. യുദ്ധം ആരംഭിച്ചതോടെ, രക്ഷാ ദൗത്യം അനിശ്ചിതത്വത്തിലായി. വിദ്യാര്‍ത്ഥികള്‍ അടക്കം നിരവധി മലയാളികളും യുക്രൈന്‍ നഗരങ്ങളിലുണ്ട്. ഒഡേസ സര്‍വകലാശാലയില്‍ 200 വിദ്യാര്‍ത്ഥികള്‍ കുടുങ്ങി.

യുക്രൈനില്‍ റഷ്യന്‍ സൈന്യത്തിന്റെ വ്യോമാക്രമണം. തലസ്ഥാനമായ കീവില്‍ ആറിടത്ത് സ്ഫോടനം നടന്നതായാണ് റിപ്പോര്‍ട്ട്. യുക്രൈന്‍ നഗരമായ ക്രമസ്റ്റോസിലും സ്ഫോടനമുണ്ടായി. ഡോണ്‍ബാസില്‍ പ്രവിശ്യയിലേക്ക് മുന്നേറാന്‍ സൈന്യത്തിന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കി. യുക്രൈന്‍ സൈന്യം പ്രതിരോധിച്ചാല്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി.

യുക്രൈന്‍ സൈന്യം ആയുധം വെച്ച്‌ കീഴടങ്ങുന്നതാണ് നല്ലത്. നാറ്റോ വിപുലീകരണത്തിന് യുക്രൈനെ ഭാഗമാക്കുന്നത് അംഗീകരിക്കാനാകില്ല. യുക്രൈനെ സൈനിക രഹിതവും നാസി വിമുക്തവുമാക്കുകയാണ് റഷ്യയുടെ ലക്ഷ്യം. ബാഹ്യശക്തികള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് പുടിന്‍ മുന്നറിയിപ്പ് നല്‍കി. രക്തച്ചൊരിച്ചിലുണ്ടായാല്‍ ഉത്തരവാദികള്‍ യുക്രൈനും സഖ്യകക്ഷികളുമായിരിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

റഷ്യന്‍ ആക്രമണത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിശിതമായി വിമര്‍ശിച്ചു. നീതീകരിക്കാനാകാത്ത ആക്രമണമാണ്. സൈനിക നടപടി മൂലമുണ്ടാകുന്ന മരണത്തിനും നാശങ്ങള്‍ക്കുമെല്ലാം റഷ്യയായിരിക്കും ഉത്തരവാദിയെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കയും സഖ്യ കക്ഷികളും ശക്തമായ തിരിച്ചടി നല്‍കുമെന്നും ബൈഡന്‍ പറഞ്ഞു.

യുക്രൈനിലേത് അപകടകരമായ സാഹചര്യമാണെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്ര തലത്തില്‍ പരിഹാരം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. സമാധാനപരമായി പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top