Latest News

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുക്രൈൻ, റഷ്യൻ പടയൊരുക്കം ശക്തം

കീവ്: യുക്രൈനില്‍ റഷ്യന്‍ സൈനിക നീക്കം ശക്തമായി. അതിര്‍ത്തിയില്‍ സൈനികരുടെ എണ്ണം റഷ്യ രണ്ടുലക്ഷമാക്കി. നിരവധി സൈനിക വാഹനങ്ങളും ഡസന്‍ കണക്കിന് ടെന്റുകളും ആയുധങ്ങളും തെക്കന്‍ ബെലാറസിലെ യുക്രൈന്‍ അതിര്‍ത്തിയില്‍ സജ്ജമാക്കിയതായുള്ള സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു.കിഴക്കന്‍ യുക്രൈന്‍ അതിര്‍ത്തി മേഖലയിലെ വ്യോമാതിര്‍ത്തി റഷ്യ അടച്ചു. മേഖലയില്‍ സിവിലിയന്‍ വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഏതു നിമിഷവും റഷ്യന്‍ ആക്രമണം ഉണ്ടായേക്കാമെന്ന് യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു. ചര്‍ച്ചക്കുള്ള ശ്രമങ്ങളോട് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പ്രതികരിക്കുന്നില്ല. രാജ്യത്തിന് നേരെ ആക്രമണം ഉണ്ടായാല്‍ സര്‍വ ശക്തിയുമെടുത്ത് പ്രതിരോധിക്കുമെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ലോഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.

യുദ്ധസാഹചര്യം കനത്തതോടെ, യുക്രൈനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. യുക്രൈന്‍ പ്രസിഡന്റിന്റെ ഉത്തരവ് പാര്‍ലമെന്റ് അംഗീകരിച്ചു. യുദ്ധഭീതിയുടെ പശ്ചാത്തലത്തില്‍, ആക്രമണത്തിനെതിരെ പോരാടാന്‍ ജനങ്ങള്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതിയും യുക്രൈന്‍ പാര്‍ലമെന്റ് നല്‍കിയിട്ടുണ്ട്.

റഷ്യന്‍ നീക്കത്തിനെതിരെ യു എന്‍ സഹായം യുക്രൈന്‍ അഭ്യര്‍ത്ഥിച്ചു. റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ പാശ്ചാത്യരാജ്യങ്ങളോട് യുക്രൈന്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. യുക്രൈന്‍ പാര്‍ലമെന്റ്, സര്‍ക്കാര്‍, ബാങ്കിംഗ് വെബ്‌സൈറ്റുകള്‍ക്ക് നേരെ സൈബര്‍ ആക്രമണവും ശക്തമായിട്ടുണ്ട്.

യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനായി യുഎന്‍ രക്ഷാസമിതി വീണ്ടും ചേരും. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യോഗം ചേരുന്നത്. അതിനിടെ യുക്രൈനിലെ നയതന്ത്രപ്രതിനിധികളെ റഷ്യ ഒഴിപ്പിക്കുകയാണ്. കീവിലെ എംബസിയിലേയും കാര്‍ക്കിവ് ഒഡേസ, ലിവ് കോണ്‍സുലേറ്റുകളിലെ നയതന്ത്ര പ്രതിനിധികളെയാണ് റഷ്യ ഒഴിപ്പിക്കുന്നത്.

അതേസമയം മണിക്കൂറുകള്‍ക്കുള്ളില്‍ യുക്രൈനില്‍ റഷ്യന്‍ ആക്രമണം ഉണ്ടായേക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി പറഞ്ഞു. റഷ്യയ്‌ക്കെതിരായ ഉപരോധ നടപടികള്‍ക്കു യുഎസ് തുടക്കം കുറിച്ചു. യുക്രെയ്‌നെതിരായ സൈനിക നീക്കങ്ങളില്‍ പ്രതിഷേധിച്ചാണു നടപടിയെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. അതേസമയം സൈന്യത്തെ അമേരിക്ക അയച്ചേക്കില്ല. യുദ്ധമുണ്ടായാല്‍ യുക്രൈന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബ്രിട്ടന്‍ വ്യക്തമാക്കി. യുക്രൈന് ആയുധങ്ങളും സാമ്ബത്തിക സഹായവും നല്‍കുമെന്ന് ബ്രിട്ടന്‍ അറിയിച്ചു.

വിമതരുടെ നിയന്ത്രണത്തിലുള്ളതും റഷ്യയോടു കൂറുള്ളതുമായ ഡൊനെറ്റ്‌സ്‌ക്, ലുഹാന്‍സ്‌ക് മേഖലകളെ തിങ്കളാഴ്ച രണ്ട് സ്വതന്ത്ര രാജ്യങ്ങളായി റഷ്യ അംഗീകരിച്ചിരുന്നു. ഇതിനിടെ യുക്രൈയ്‌ന് പിന്തുണ പ്രഖ്യാപിച്ച യൂറോപ്യന്‍ യൂണിയന്‍, ബെലാറൂസ് വഴി യുക്രെയ്‌നിനെ ആക്രമിക്കാനുള്ള റഷ്യന്‍ തന്ത്രം നടപ്പിലാക്കിയാല്‍ ബെലാറൂസിന് വിലക്ക് നേരിടേണ്ടി വരുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. 27 യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി പത്ത് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചയ്ക്കു ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ നിലപാട് വ്യക്തമാക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top