Breaking News

ബേസിൽ തമ്പി മുംബൈയ്ക്ക്,കെ എം ആസിഫ് ചെന്നൈയിൽ,ഐപിഎൽ താരലേലത്തിൻ്റെ ആദ്യദിനം

ബംഗളൂരു: ഐപിഎൽ താരലേലത്തിൽ മലയാളി പേസര്‍ ബേസില്‍ തമ്പിയെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. 30 ലക്ഷമാണ് മുംബൈ മുടക്കിയത്. താരത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് കീഴില്‍ കളിക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. 20 ലക്ഷമായിരുന്നു ബേസിലിന്റെ അടിസ്ഥാന വില.

മറ്റൊരു കേരള പേസര്‍ കെ എം ആസിഫിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തിരിച്ചെത്തിച്ചു. 20 ലക്ഷത്തിനാണ് മലപ്പുറം, എടവണ്ണ സ്വദേശിയായ ആസിഫ് ചെന്നൈയിലെത്തുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം കളിച്ച കാര്‍ത്തിക് ത്യാഗി സണ്‍റൈസേഴ്‌സ് ഹൈദരാബാദിലെത്തി.

നാല് കോടിയാണ് താരത്തിന് ലേലത്തില്‍ ലഭിച്ചത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവരും താരത്തിനായി രംഗത്തുണ്ടായിരുന്നു. ആവേശ് ഖാന്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി കളിക്കും. 10 കോടിക്കാണ് താരം ലഖ്‌നൗവിലെത്തുന്നത്.

ഹൈദരാബാദ് അവസാനം വരെ ആവേശിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ ലഖ്‌നൗവിന്റെ മുന്നില്‍ മുട്ടുകടക്കി. മുംബൈ ഇന്ത്യന്‍സും ആവേശിന് വേണ്ടി രംഗത്തുണ്ടായിരുന്നു.

അതേ സമയം ഇക്കഴിഞ്ഞ ആഭ്യന്തര ക്രിക്കറ്റ് സീസണില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത മലയാളി വിക്കറ്റ് കീപ്പര്‍ വിഷ്ണു വിനോദിന് നിരാശ.താരത്തെ സ്വന്തമാക്കാന്‍ ഒരു ഫ്രാഞ്ചൈസിയും തയ്യാറായില്ല. 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഐപിഎല്‍ താരലേലത്തില്‍ പണം വാരുമെന്ന് കരുതപ്പെട്ടിരുന്ന താരമായിരുന്നു വിഷ്ണു. കഴിഞ്ഞ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിനൊപ്പമായിരുന്നു വിഷ്ണു.

മറ്റൊരു മലയാളി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീനും അണ്‍സോള്‍ഡായി. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമായിരുന്നു കാസര്‍ഗോഡുക്കാരന്‍. 

ഈ വര്‍ഷത്തെ ഐ പി എല്‍ താരലേലത്തിലെ ആദ്യ ദിവസം പൊന്നും വിലയ്ക്ക് ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയ താരങ്ങള്‍ ഒരുപാടുണ്ടെങ്കിലും മികച്ചു നിന്നത് ചില താരങ്ങളുടെ അപ്രതീക്ഷിതമായ കടന്നുവരവാണ്.ഒരുകാലത്ത് ഐ പി എല്ലിലെ മിന്നും താരങ്ങളായിരുന്ന സുരേഷ് റെയ്‌നയും ഇമ്രാന്‍ താഹിറും ഡെവിഡ് മില്ലറും ഷക്കീബുല്‍ ഹസനും ഉമേഷ് യാദവുമെല്ലാം ഫ്രാഞ്ചൈസികളുടെ കണ്ണില്‍പ്പെടാതെ പോയപ്പോള്‍ ഇഷാന്‍ കിഷന്റെയും മലയാളി താരം ദേവദത്ത് പടിക്കലിന്റെയെല്ലാം ഉയര്‍ച്ചയാണ് ബാംഗ്ലൂരിലെ ഐ ടി സി ഗാര്‍ഡനിയയില്‍ നടന്ന ഐ പി എല്‍ ലേലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കണ്ടത്.

ലേലത്തിന് ആദ്യം സ്‌ക്രീനില്‍ തെളിഞ്ഞ ശിഖര്‍ ധവാനെ 8.25 കോടിക്ക് സ്വന്തമാക്കി പഞ്ചാബ് താരങ്ങള്‍ക്കായുള്ള ലേലത്തിന് തുടക്കം കുറിച്ചപ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല അത് ഒട്ടനവധി സംഭവവികാസങ്ങളുടെ തുടക്കമായിരിക്കുമെന്ന്. കൈയ്യിലേ പണ സഞ്ചി നോക്കാന്‍ പോലും ഫ്രാഞ്ചൈസികള്‍ മറന്ന ലേലം വിളിക്കിടെ താര ലേലം നിയന്ത്രിക്കാനെത്തിയ ഹ്യൂ എഡ്മിഡ്‌സ് വരെ കുഴഞ്ഞുവീണ് പോയി.

പക്ഷേ ഇത്തവണത്തെ ലേലം ഏവരെയും ഞെട്ടിച്ചത് ഇടം കൈയ്യന്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ വില കേട്ടിട്ടാണ്. 15.25 കോടി രൂപയ്ക്ക് താരം മുമ്ബ് മാറ്റുരച്ചിരുന്ന മുംബൈ ഇന്ത്യന്‍സ് തന്നെയാണ് വിക്കറ്റ്കീപ്പര്‍ ബാറ്ററായ താരത്തെ ടീമിലെത്തിച്ചത്. യുവരാജ് സിംഗിനു ശേഷം ഏറ്റവും വിലകൂടിയ ഇന്ത്യന്‍ താരമായാണ് ഇഷാന്‍ മുംബൈയിലേക്കെത്തുന്നത്. ഐ പി എല്ലില്‍ വിശ്വസ്തനായ കാവല്‍ക്കാരനായത് കൊണ്ടുതന്നെയാവാം മുംബൈ പൊന്നും വില നല്‍കി താരത്തെ സ്വന്തമാക്കിയിട്ടുള്ളത്.

മറ്റൊരു മികച്ച ലേലം ക്രിക്കറ്റ് ലോകം കണ്ടത് അശ്വിനും ജോസ് ബട്ട്‌ലറും ഒരേ ടീമിലെത്തുന്നുവെന്നതാണ്. ബട്ട്‌ലറുള്ള രാജസ്ഥാനിലേക്ക് അഞ്ച് കോടി രൂപയ്ക്കാണ് അശ്വിനെത്തുന്നത്. മൂന്ന് വര്‍ഷം മുമ്ബാണ് മങ്കാദ് എന്ന ഡയറക്റ്റ് ഹിറ്റിംഗിലൂടെ അശ്വിനും ബട്ട്‌ലറും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നത്.

എന്നാല്‍ മലയാളികളായ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധപിടിച്ചത് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളിയുമായ സഞ്ജു സാംസണിന്റെ ടീമിലേക്ക് മറ്റൊരു മലയാളി ബാറ്റര്‍ കടന്നു വരുന്നുയെന്നതാണ്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേസിലെ ദേവദത്ത് പടിക്കലാണ് 7.75 കോടി രൂപക്ക് എടപ്പാള്‍ക്കാരന്‍ രാജസ്ഥാന്റെ റോയല്‍സിന്റെ പടികയറുന്നത്. ഐ പി എല്ലില്‍ 29 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ ദേവദത്ത് 884 റണ്‍സും നേടിയിട്ടുണ്ട്. രണ്ടു പേരും ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിക്കുന്ന പോലെ മികച്ച ഫോമിലേക്കുയര്‍ന്നാല്‍ ഐ പി എല്ലില്‍ ഒരു തട്ടുപൊളിപ്പന്‍ കോംബോയും മലയാളിക്ക് ലഭിക്കും.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കപ്പിത്താനായിരുന്ന ശ്രേയസ് അയ്യര്‍ 12.25 കോടി രൂപയ്ക്കാണ് കൊല്‍ക്കത്തയിലേക്കെത്തുന്നത്. 2015ല്‍ 2.6 കോടി രൂപക്ക് ഡല്‍ഹിയിലെത്തിയ അയ്യരുടെ മികച്ച ഫോം, അയ്യരുടെ പേര് ലേലത്തിനെത്തിയപ്പോഴും പ്രതിഫലിച്ചിരുന്നു. അയ്യരിനായി നിരവധി ടീമുകളാണ് ലേലത്തില്‍ ഇടപ്പെട്ടിരുന്നത്. ബാംഗ്ലൂരുവും ഡല്‍ഹിയുമെല്ലാം അയ്യര്‍ക്കായി നിരന്തരം വിലപ്പേശിയെങ്കിലും അവസാന നിമിഷം കൊല്‍ക്കത്ത അയ്യരെ പാക്ക് ചെയ്യുകയായിരുന്നു. ശ്രേയസ് തന്നെയായിരിക്കും ഈ സീസണില്‍ കൊല്‍ക്കത്തയെ നയിക്കുക.

വിദേശ താരങ്ങളുടെ ലേലവും മികച്ച രീതിയില്‍ ആദ്യ ദിവസം അരങ്ങുതകര്‍ക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ റബാഡയെ വലിയൊരു വിലപേശലിനൊടുവിലാണ് 9.25 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയത്. വെസ്റ്റിന്‍ഡീസിന്റെ നിക്കോലാസ് പൂരാനെ 10.75 കോടിക്ക് ഹൈദരാബാദും ന്യൂസിലാന്‍ഡിന്റെ ഫെര്‍ഗ്യൂസണിനെ പത്ത് കോടിക്ക് ഗുജാറാത്തും ടീമലെത്തിച്ചെതും ഐ പി എല്‍ ലേലത്തിന്റെ ആദ്യ ദിവസത്തിന്റെ മാറ്റുകൂട്ടിയിരിക്കുകയാണ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top