Breaking News

പരിശോധനകളില്‍ 94 ശതമാനവും ഒമിക്രോൺ,വരുംദിവസങ്ങളില്‍ കൂടും, മൂന്നാഴ്ച നിർണായകമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്ന കൊവിഡ് മൂന്നാം തരംഗത്തിന്റെ 94 ശതമാനം വ്യാപനവും ഒമിക്രോണ്‍ വകഭേദം മൂലമാണെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അവശേഷിക്കുന്ന ആറ് ശതമാനം ആളുകളില്‍ മാത്രമാണ് ഡെല്‍റ്റ വകഭേദമുള്ളതായി സ്വീകന്‍സിംഗിലൂടെ കണ്ടെത്തിയതെന്നും മന്ത്രി വിശദീകരിച്ചു. മൂന്നാം തരംഗം ഒമിക്രോണ്‍ തരംഗമാണെന്ന് ഈ ഘട്ടത്തില്‍ വ്യക്തമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വിദേശത്തുനിന്നെത്തുന്ന രോഗികളില്‍ 80 ശതമാനത്തിനും ഒമിക്രോണ്‍ വകഭേദമാണ് സ്ഥിരീകരിച്ചതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വെന്റിലേറ്റര്‍, ഐ സി യു സൗകര്യങ്ങളുടെ ഉപയോഗത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയെന്നതാണ് മന്ത്രി പങ്കുവെച്ച സുപ്രധാന വിവരം. ഐ സി യു ഉപയോഗത്തില്‍ രണ്ട് ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 40.5 ശതമാനമാണ് നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കൊവിഡ്- കൊവിഡേതര രോഗികളുടെ ഐ സി യു ഉപയോഗത്തിന്റെ നിരക്ക്. 13.5 ശതമാനം വെന്റിലേറ്റര്‍ ഉപയോഗം മാത്രമേ സര്‍ക്കാര്‍ ആശുപത്രികളിലുള്ളൂ.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി സംസ്ഥാനതലത്തില്‍ വാര്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചെന്നും മന്ത്രി വ്യക്തമാക്കി. 18 വയസിന് മുകളിലുള്ളവരുടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ 84 ശതമാനം പൂര്‍ത്തീകരിക്കാനായി. കുട്ടികളുടെ വാക്‌സിനേഷന്‍ 69 ശതമാനം പൂര്‍ത്തിയായി. കൊവിഡ് പ്രതിരോധത്തിനും സഹായത്തിനുമായി മോണിറ്ററിംഗ് സെല്ലും രൂപീകരിച്ചിട്ടുണ്ട്. 0471-2518584 എന്ന നമ്പരില്‍ സഹായത്തിനും സംശയനിവാരണത്തിനുമായി ബന്ധപ്പെടാവുന്നതാണ്.

ആശുപത്രിയിലെ ചികിത്സയുടെ തുല്യ പ്രാധാന്യം തന്നെയാണ് ഗൃഹപരിചരണത്തിനും ആരോഗ്യവകുപ്പ് നല്‍കുന്നതെന്ന് മന്ത്രി അറിയിച്ചു. ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിന്റെ 3.6 ശതമാനം മാത്രമാണ്. ഗൃഹപരിചരണം സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കി വരുന്നുണ്ട്. കൊവിഡ് രോഗികളെ മൂന്ന് വിഭാഗമായി തിരിച്ചാല്‍ ഒന്നാം വിഭാഗത്തില്‍ ചെറിയ ലക്ഷണങ്ങള്‍ മാത്രമുള്ളവരും രണ്ടാം വിഭാഗത്തില്‍ കടുത്ത രോഗലക്ഷണങ്ങളുള്ളവരും ജീവിതശൈലി രോഗങ്ങളുള്ളവരും ഉള്‍പ്പെടും. അവയവം മാറ്റിവെച്ചവര്‍, എയിഡ്‌സ് രോഗികള്‍, പ്രതിരോധ ശേഷി കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ മുതലായവരാണ് മൂന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. മൂന്നാം വിഭാഗത്തിലുള്ളവര്‍ കൊവിഡ് ആശുപത്രികളിലെത്തണമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്നത്. രണ്ടാം വിഭാഗത്തിലുള്ളവര്‍ ഡോക്ടറെ കണ്‍സെള്‍ട്ട് ചെയ്ത ശേഷം മാത്രം ഗൃഹപരിചരണത്തില്‍ തുടരാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

സാധാരണലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുള്ളില്‍ പനി ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളില്‍ കുറവില്ലെങ്കില്‍ ആശുപത്രി ചികിത്സ തേടണം. ചുമ, കടുത്ത പനി എന്നിവ മാറാതെ നില്‍ക്കുന്നെങ്കില്‍ ഗൗരവമായി കാണണം. തളര്‍ച്ച അനുഭവപ്പെട്ടാലും ഡോക്ടറുടെ പരിചരണം തേടണം. ഗുരുതര രോഗങ്ങളുള്ളവര്‍ കോവിഡ് പോസിറ്റിവായാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണമെന്നും മന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top