Breaking News

സംസ്ഥാനം മൂന്നാം തരംഗത്തിൽ, അതിതീവ്ര വ്യാപനം, ഒമിക്രോൺ നിസ്സാരക്കാരനല്ലെന്നും മന്ത്രി വീണ ജോർജ്

തിരുവനന്തപുരം:സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോ​ഗ്യ മന്ത്രി വീണാ ജോർജ്. ഒന്ന് രണ്ട് തരംഗങ്ങളെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ തുടക്കത്തിലെ തന്നെ കോവിഡിൻ്റെ അതിതീവ്ര വ്യാപനമായി. അതുകൊണ്ട് തന്നെ രോ​ഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോ​ഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോ​ഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി.

ഡെൽറ്റയേക്കാൾ വ്യാപനം കൂടുതലുള്ള വകഭേ​ദമാണ് ഒമിക്രോൺ. കേരളത്തിൽ ഡെൽറ്റയേക്കാൾ 1.6 ഇരട്ടി വ്യാപനമാണ് ഒമിക്രോണിന്. വിദേശ രാജ്യങ്ങളിൽ അഞ്ച് മുതൽ ആറിരട്ടി വരെ വ്യാപനമുണ്ട്. അശ്രദ്ധമൂലം കേരളത്തിലും വ്യാപനം ഇരട്ടിച്ചേക്കാമെന്ന് മന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിൽ N95 അല്ലെങ്കിൽ ഡബിൾ മാസ്ക് തന്നെ ധരിക്കണമെന്ന് മന്ത്രി ആവർത്തിച്ചു. കണ്ണിന് കാണാൻ സാധിക്കാത്ത ചെറിയ ഡ്രോപ്ലെറ്റ്സിൽ നിന്ന് പോലും വൈറസ് പടർന്ന് പിടിക്കുന്നു. വ്യക്തിശുചിത്വം പാലിക്കണമെന്നും, കൈകൾ സാനിറ്റൈസർ ഉപയോ​ഗിച്ചോ, സോപ്പും വെള്ളവും ഉപയോ​ഗിച്ചോ വൃത്തിയാക്കണമെന്ന് മന്ത്രി പറയുന്നു.

വാക്സിനേഷൻ നിർബന്ധമായും എടുക്കണം. മുൻനിര പ്രവർത്തകരും മറ്റ് അർഹരും ബൂസ്റ്റർ ഡോസ് എടുക്കണം. പൊതുജനങ്ങൾ അടഞ്ഞ സ്ഥലത്ത് ഇരിക്കാതെ, തുറസായ, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം. സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടാതെ ശ്രദ്ധിക്കണമെന്നും ആരോ​ഗ്യ മന്ത്രി പറഞ്ഞു.

സർക്കാർ ആശുപത്രിയിൽ 3107 ഐസിയു ബെഡുകളുണ്ട്. സ്വകാര്യ ആശുപത്രികളിൽ 7468 ഐസിയു ബെഡുകളുണ്ട്. വെന്റിലേറ്ററുകളും ഓക്സിജൻ ബെഡുകളും സംസ്ഥാനത്ത് സജ്ജമാണ്. 1817.54 മെട്രിക് ടൻ ലിക്വിഡ് ഓക്സിജൻ നിലവിൽ സംസ്ഥാനത്തുണ്ട്. സംസ്ഥാനത്ത് മരുന്ന് ക്ഷാമം എന്നത് തെറ്റായ വാർത്തയാണെന്നും ആവശ്യമുള്ള മരുന്നുകളെല്ലാം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top