കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് കോടതി അനുമതി നിഷേധിച്ചു. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം കേസില്‍ പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്കി.ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവിലാണ് പുനര്‍വിസ്താരത്തിന് അനുമതി നിഷേധിച്ചത്.
അതിനിടെ വിചാരണയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
നേരത്തെ പ്രോസിക്യൂഷന് ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി സാക്ഷി വിസ്താരത്തിന് അനുമതി നല്‍കുകയായിരുന്നു. പ്രതികളുടെ കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോം പരിശോധിക്കണമെന്ന ആവശ്യവും അംഗീകരിച്ച കോടതി ദിലീപിന്റെ ഫോണ്‍ രേഖകളും പരിശോധിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, കേസില്‍ പത്ത് ദിവസത്തിനകം പുതിയ സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഡിസംബറില്‍ കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചിരുന്നു. ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്. നേരത്തെയും സമാന കാരണത്താല്‍ പ്രോസിക്യൂട്ടര്‍ രാജി സമര്‍പ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യല്‍. സംവിധായകന് ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും.