Breaking News

ധീരജിൻ്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ

തൊടുപുഴ:ഇടുക്കിയിൽ എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പറവൂർ പുത്തൻവേലിക്കര സ്വദേശി അലക്സ് റാഫേൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ഇടുക്കി കരിമണൽ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും കെഎസ്‌യു യൂണിറ്റ് ഭാരവാഹിയുമാണ് അലക്സ്.

കൊലപാതകത്തിൽ അലക്സിനു പങ്കുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കായിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിനു പിന്നാലെ അലക്സ് കോളജിൽ നിന്ന് മുങ്ങി വീട്ടിലേക്ക് പോയിരുന്നു.

ധീരജിന്റെ കൊലപാതകത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ധീരജിന്റെ വലത്ത് നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെയും സുഹൃത്ത് ജെറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോളജിലെത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണെന്ന് നിഖിൽ പൈലി പൊലീസിന് മൊഴി നൽകി. പേനാ കത്തി സ്വയ രക്ഷയ്ക്ക് കരുതിയതാണെന്നാണ് മൊഴി.

ധീരജിന്റെ മൃതദേഹം സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫിസിലും ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വിലാപ യാത്രയായി മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോകും. സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വീട്ടിലെത്തിക്കും. തളിപ്പറമ്പ് പട്ടപ്പാറിയിൽ പൊതുശ്മാശനത്തിലാണ് സംസ്‌കാരം നടക്കുക. സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പൊലീസ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. തളിപ്പറമ്പ് ടൗണിൽ ഇന്ന് വൈകിട്ട് നാല് മണി മുതൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top