തിരുവനന്തപുരം: ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എല്‍ സുധീറിനെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്നാണ് നടപടി. സുധീറിനെ സസ്പെന്‍ഡ് ചെയ്യാന്‍ പൊലീസ് മേധാവി ഉത്തരവ് പുറപ്പെടുവിച്ചു. വകുപ്പുതല അന്വേഷണം നടത്താൻ സിറ്റി ട്രാഫിക് എസിയെ ഡിജിപി ചുമതലപ്പെടുത്തി. കൊച്ചി റേഞ്ച് ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.
ഉദ്യോഗസ്ഥന്റെ ഭാഗത്ത് വീഴ്ച വന്നതായാണ് ഡിഐജി റിപ്പോർട്ട് നൽകിയത്. മുൻപു ചില കേസുകളിൽ ഉദ്യോഗസ്ഥനുണ്ടായ വീഴ്ചകളും റിപ്പോർട്ടിൽ പരാമർശിച്ചു. കോൺഗ്രസ് സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് എത്രയും വേഗം സസ്പെൻഷൻ ഉത്തരവിറക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശിച്ചത്. രാവിലെ മോഫിയ പർവീണിന്റെ പിതാവുമായി സംസാരിച്ച മുഖ്യമന്ത്രി കർശന നടപടി എടുക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. നിലവിൽ കേസ് അന്വേഷിക്കുന്നത് എറണാകുളം റൂറൽ ക്രൈംബ്രാഞ്ചാണ്.