Breaking News

ജനുവരി 1 മുതൽ ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകൾക്ക് നിരോധനം

ന്യൂഡൽഹി.മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 ജനുവരി 1ന് അകം ഘട്ടം ഘട്ടമായി ഇവ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ല്മെന്റിനെ അറിയിച്ചു.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടം ഘട്ടമായി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ 2022 ജനുവരി 1 ന് അകം നിരോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മന്ത്രാലയം.

പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ ബഡുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍ എന്നിവ ജനുവരി 1ന് അകം നിരോധിക്കാനാണ് തീരുമാനം.അതേസമയം, ഈ വര്‍ഷം സെപ്റ്റംബര്‍ 30 ഓടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകള്‍ നിരോധിക്കും. 120 മൈക്രോണില്‍ താഴെയുള്ള കാരി ബാഗുകള്‍ 60 ജി എസ് എം, 240 മൈക്രോണില്‍ താഴെയുള്ള ബാഗുകള്‍ എന്നിവ നിരോധിക്കുമെന്നും മന്ത്രി അറിയിച്ചു.

പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നിയമ ഭേതഗതിയുമായി കേന്ദ്ര പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയമെത്തുന്നത് ഈ വര്‍ഷം മാര്‍ച്ചിലാണ്. നിലവിലുള്ള 2016ലെ പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന ( വേസ്റ്റ് മാനേജ്മെന്റ്) നിയമത്തില്‍ ഇതിനാവശ്യമായ ഭേദഗതി വരുത്തുന്നതിനുള്ള കരട് രേഖ മാര്‍ച്ച് 11 ന് മന്ത്രാലയം പ്രസിദ്ധീകരിച്ചു.

2022 ജനുവരി 1 മുതല്‍ ആദ്യഘട്ട നിരോധനം നിലവില്‍ വരും. ഇയര്‍ ബഡ്ഡുകളുടെ പ്ലാസ്റ്റിക് പിടി, പ്ലാസ്റ്റിക് അലങ്കാര വസ്തുക്കള്‍, തെര്‍മോകോള്‍ ഉപയോഗിച്ചുള്ള അലങ്കാരം ഉള്‍പ്പെടെ നിരോധിക്കും. രണ്ടാം ഘട്ടമായി 2022 ജൂലൈ 1 മുതല്‍ പ്ലാസ്റ്റിക് പാത്രം, കരണ്ടി, കോരികള്‍, കപ്പുകള്‍, കത്തി, ട്രേ തട്ട്, ഗിഫ്റ്റ് പൊതിയുന്ന ചരടുകളും, കടലാസും, പാനീയങ്ങള്‍ ഇളക്കാനുള്ള കോലുകള്‍, തെര്‍മോകോള്‍, പ്ലാസ്റ്റിക് പി വി സി ബാനറുകള്‍ തുടങ്ങി ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് വസ്തുക്കളും നിരോധിക്കും.

രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ 60% മാത്രമാണ് ഇപ്പോള്‍ പുനരുപയോഗിക്കുന്നത്. ബാക്കി വരുന്നവ കടലിലും ജലാശയങ്ങളിലും മണ്ണിലും കിടന്ന് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പുതിയ നിര്‍ദ്ദേശം ഗുണകരമാണ്. എന്നാല്‍ പ്ലാസ്റ്റിക് ഉല്‍പ്പാദകരുടെയും അനുബന്ധ വ്യവസായ മേഖലകളിലുള്ളവരുടേയും അഭിപ്രായം കൂടി കണക്കിലെടുത്ത ശേഷമാകും കരടിന് അന്തിമ രൂപം നല്‍കുകയെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.

2018-19 കാലയളവില്‍ മാത്രം രാജ്യത്ത് 3.3 മില്യണ്‍ മെട്രിക് പ്ലാസ്റ്റിക് മാലിന്യമുണ്ടായി എന്നാണ് സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള്‍ ബോര്‍ഡ് പുറത്ത് വിട്ട റിപ്പോര്‍ട്ട്. കൃത്യമായി പറഞ്ഞാല്‍ 9,200 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് പ്രതിദിനം ഇന്ത്യയില്‍ ഉണ്ടാകുന്നത്. രാജ്യത്തെ 55-65 മില്യണ്‍ ടണ്‍ വരുന്ന ഖരമാലിന്യങ്ങളില്‍ അഞ്ച് മുതല്‍ ആറ് ശതമാനവും പ്ലാസ്റ്റിക്കാണ്. ഗോവയിലാണ് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് മാലിന്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top