അനിയത്തിപ്രാവിലെ ആരും അധികം കേൾക്കാത്ത പാട്ട് പങ്കുവച്ച് ചിത്രത്തിലെ നായകൻ കുഞ്ചാക്കോബോബൻ. ചിത്രത്തിനു വേണ്ടി എസ്.രമേശൻ നായർ വരികൾ കുറിച്ച് ഔസേപ്പച്ചൻ സംഗീതം പകർന്ന ‘തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം’ എന്ന ഗാനമാണിത്. കെ.ജെ.യേശുദാസും കെ.എസ്.ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചത്. ‘അനിയത്തിപ്രാവിൽ പ്രേക്ഷകർ അധികം കേൾക്കാതെ പോയ ഗാനം’ എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോബോബൻ പാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
അടുത്തിടെ എസ്.രമേശൻ നായർ അന്തരിച്ചപ്പോഴാണ് അനിയത്തിപ്രാവിലെ ഈ പാട്ടിനെക്കുറിച്ച് ഔസേപ്പച്ചൻ വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ക്ലൈമാക്സിനു മാറ്റം വന്നതോടെയാണ് പാട്ട് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ഔസേപ്പച്ചന്റെ കയ്യിൽ ഇക്കാലമത്രയും ഭദ്രമായിരുന്നു പാട്ട്. ഒടുവിൽ രമേശൻനായർ വിടവാങ്ങിയപ്പോൾ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് പാട്ട് പുറത്തുവിട്ടത്. പിന്നാലെയാണ് വിഡിയോ പങ്കുവച്ച് കഞ്ചാക്കോബോബനും രംഗത്തെത്തിയത്.