Breaking News

സംഗീതജ്ഞ പദ്‌മശ്രീ പ്രൊഫസര്‍ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശ‌സ്‌ത സംഗീതജ്ഞ പദ്‌മശ്രീ പ്രൊഫസര്‍ പാറശാല ബി പൊന്നമ്മാള്‍ അന്തരിച്ചു. ഉച്ചയ്‌ക്ക് 1.10ന് തിരുവനന്തപുരം വലിയശാലയിലെ വസതിയിലായിരുന്നു അന്ത്യം. പാറശാല ഗ്രാമത്തില്‍ ഹെഡ്‌മാസ്റ്ററായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ല്‍ ജനിച്ച പൊന്നമ്മാളിനെ രാജ്യം നാല് വര്‍ഷം മുമ്ബ് പദ്‌മശ്രീ നല്‍കി ആദരിച്ചിരുന്നു.

അച്ഛന്‍റെ സ്ഥലംമാറ്റത്തെ തുടര്‍ന്ന് ആദ്യം അടൂരിലും പിന്നീട് പാറശാലയിലുമായിരുന്നു പ്രാരംഭപഠനം. ചിത്തിരതിരുനാള്‍ രാജാവിന്‍റെ പിറന്നാളിനോടനുബന്ധിച്ച്‌ തിരുവനന്തപുരത്ത് നടന്ന സംഗീതമത്സരത്തില്‍ പതിനഞ്ചാം വയസില്‍ ഒന്നാംസമ്മാനം നേടി. ശെമ്മാങ്കുടി ശ്രീനിവാസ അയ്യരായിരുന്നു മത്സരത്തിന്‍റെ വിധികര്‍ത്താവ്.

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലെ ആദ്യബാച്ചില്‍ ഗാനപ്രവീണയും പിന്നീട് ഗാനഭൂഷണും അവര്‍ ഒന്നാംറാങ്കോടെ പാസായി. പ്രസിദ്ധ സംഗീതജ്ഞന്‍ പാപനാശം ശിവനില്‍നിന്ന് സംഗീതാഭ്യാസം നേടിയിട്ടുണ്ട്. പതിനെട്ടാം വയസില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് സ്‌കൂളില്‍ സംഗീതാദ്ധ്യാപികയായ പൊന്നമ്മാള്‍ തുടര്‍ന്ന് സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ലക്‌ചററായും പ്രൊഫസറായും സേവനമനുഷ്‌ഠിച്ചു.

തൃപ്പൂണിത്തുറ ആര്‍ എല്‍ വി. സംഗീത കോളേജിന്‍റെ പ്രിന്‍സിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്. നെയ്യാറ്റിന്‍കര വാസുദേവന്‍, പാലാ സി കെ രാമചന്ദ്രന്‍, ഡോ ഓമനക്കുട്ടി, എം ജി രാധാകൃഷ്‌ണന്‍, കുമാരകേരള വര്‍മ്മ തുടങ്ങി പുതുതലമുറയിലെ പൂവരണി കെ വി പി നമ്ബൂതിരി വരെ സംഗീതത്തില്‍ പൊന്നമ്മാളുടെ ശിഷ്യത്വം നേടിയവര്‍ നിരവധിയാണ്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാള്‍ക്കാണ്.

തമിഴ്‌നാട്ടിലും കേരളത്തിലുമായി പൊന്നമ്മാളുടെ കച്ചേരികള്‍ക്ക് നിറഞ്ഞ ആസ്വാദകര്‍ എപ്പോഴുമുണ്ടായിരുന്നു. സ്വാതി തിരുനാളിന്‍റെയും ത്യാഗരാജ ഭാഗവതരുടെയും കൃതികളും പക്കാലയും പ്രസിദ്ധ തമിഴ്‌ കൃതികളും ഇടംചേരുന്നതാണ് അവരുടെ കച്ചേരികള്‍. മാവേലിക്കര വേലുക്കുട്ടിനായര്‍, മാവേലിക്കര കൃഷ്‌ണന്‍കുട്ടിനായര്‍, ചാലക്കുടി നാരായണസ്വാമി, ലാല്‍ഗുഡി വിജയലക്ഷ്‌മി, നെല്ലൈ മണി, ഉടുപ്പി ശ്രീധര്‍ തുടങ്ങി പുതുതലമുറയിലെ രാജേഷ്, നാഞ്ചില്‍ അരുള്‍ വരെയുള്ളവര്‍ കച്ചേരികള്‍ക്ക് പക്കമേളം വായിച്ചിട്ടുണ്ട്.

2009ലെ കേരള സര്‍ക്കാരിന്‍റെ സ്വാതി പുരസ്‌കാരം, കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്‌കാരങ്ങള്‍, കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഫെല്ലോഷിപ്പ്, ചെമ്ബൈ ഗുരുവായൂരപ്പന്‍ പുരസ്‌കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമി പുരസ്‌കാരം, ചെന്നൈ ശ്രീകൃഷ്‌ണഗാനസഭയുടെ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ പൊന്നമാളിന് ലഭിച്ചിട്ടുണ്ട്. പരേതനായ ആര്‍ ദൈവനായകം അയ്യരാണ് ഭര്‍ത്താവ്. സുബ്രഹ്മണ്യം, മഹാദേവന്‍ എന്നിവര്‍ മക്കളാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top