Breaking News

കവിയും ചലച്ചിത്രഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു

തിരുവനന്തപുരം: കവിയും ചലച്ചിത്രഗാന രചയിതാവുമായ പൂവച്ചൽ ഖാദർ (73) അന്തരിച്ചു. കോവിഡ് ബാധിച്ചു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഖാദറിന് ന്യൂമോണിയയും ബാധിച്ചതിനെത്തുടർന്ന് നില ഗുരുതരമായിരുന്നു. രാത്രി 12.20 നായിരുന്നു അന്ത്യം.

മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ (ചാമരം), ഏതോ ജന്മ കൽപനയിൽ (പാളങ്ങൾ), അനുരാഗിണി ഇതായെൻ (ഒരു കുടക്കീഴിൽ), ശരറാന്തൽ തിരിതാഴും (കായലും കയറും) തുടങ്ങിയവയടക്കം അവയിൽ പലതും എക്കാലത്തും മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്നവയാണ്. ഖാദറിന്റെ നാടകഗാനങ്ങളും ലളിത ഗാനങ്ങളും മാപ്പിളപ്പാട്ടുകളും മലയാളിയുടെ സംഗീതജീവിതത്തിന്റെ ഭാഗമാണ്. പൊതുമരാമത്തു വകുപ്പിൽ എൻജിനീയറായിരുന്നു.

കവിത എന്ന സിനിമയ്ക്കു പാട്ടെഴുതിക്കൊണ്ട് 1972 ലാണ് ചലച്ചിത്രഗാനരചനയിലേക്കു കടന്നത്. പിന്നീട്, മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയ ചിത്രങ്ങളിൽ ചിലതിലടക്കം പാട്ടുകളെഴുതി. ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. എഴുപതുകളുടെ രണ്ടാംപകുതിയിലും എൺപതുകളിലും മലയാള സിനിമാഗാനരംഗത്തു നിറ‍ഞ്ഞുനിന്ന ഖാദർ കെ.ജി. ജോർജ്, പി.എൻ. മേനോൻ, ഐ.വി. ശശി. ഭരതൻ, പത്മരാജൻ അടക്കമുള്ള മലയാളത്തിലെ പ്രമുഖ സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്

മൗനമേ നിറയും മൗനമേ (തകര), സിന്ദൂര സന്ധ്യയ്ക്ക് മൗനം (ചൂള), രാജീവം വിടരും നിൻ മിഴികൾ (ബെൽറ്റ് മത്തായി), ‘മഴവില്ലിൻ അജ്‌ഞാതവാസം കഴിഞ്ഞു’ (കാറ്റുവിതച്ചവൻ), നാണമാവുന്നു മേനി നോവുന്നു (ആട്ടക്കലാശം), ഇത്തിരി നാണം പെണ്ണിന് കവിളിൽ (തമ്മിൽ തമ്മിൽ), ‘ചിത്തിരത്തോണിയിൽ അക്കരെപ്പോകാൻ’ (കായലും കയറും), നീയെന്റെ പ്രാർഥനകേട്ടു (കാറ്റു വിതച്ചവൻ), കിളിയേ കിളിയേ (ആ രാത്രി), പൂമാനമേ ഒരു രാഗമേഘം താ (നിറക്കൂട്ട്), കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ (താളവട്ടം), മന്ദാരച്ചെപ്പുണ്ടോ മണിക്യക്കല്ലുണ്ടോ (ദശരഥം) തുടങ്ങിയവയാണ് പൂവച്ചലിന്റെ ഹിറ്റുകളിൽ ചിലത്.

കളിവീണ, പാടുവാൻ പഠിക്കുവാൻ (കവിതാ സമാഹാരം), ചിത്തിരത്തോണി (ചലച്ചിത്രഗാന സമാഹാരം) എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ: ആമിന. മക്കൾ: തുഷാര, പ്രസൂന

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top