Kerala

എല്ലാ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പ് വരുത്താനായി പുതിയ സമിതി

തിരുവനന്തപുരം: വിദ്യാർഥികളുടെ ഡിജിറ്റൽ പഠനവുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തില്‍ എല്ലാ കുട്ടികള്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യത ഉറപ്പ് വരുത്താനായി പുതിയ സമിതിയെ രൂപീകരിക്കാന്‍ തീരുമാനിച്ചു. ഐടി സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് പ്രശ്നപരിഹാരത്തിന് സമഗ്രമായ കര്‍മപദ്ധതി തയ്യാറാക്കുക. എവിടെയെല്ലാമാണ് കുട്ടികള്‍ വേണ്ടത്ര ഇന്‍റര്‍നെറ്റ് സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നതെന്നും, എങ്ങനെ ഇന്‍റര്‍നെറ്റ് സൗകര്യമില്ലായ്മയും, റേഞ്ച് ഇല്ലാത്ത പ്രശ്നവും പരിഹരിക്കാമെന്നതും സമിതി വിശദമായി പരിശോധിക്കും.ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രശ്നപരിഹാരത്തിന് കര്‍മപദ്ധതി തയ്യാറാക്കും.

മുഖ്യമന്ത്രി ഇന്ന് വിളിച്ച യോഗത്തില്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖരായ 15 ഇന്‍റര്‍നെറ്റ് സര്‍വീസ് ദാതാക്കളാണ് പങ്കെടുത്തത്.മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, കെ. കൃഷ്ണന്‍കുട്ടി, വി. ശിവന്‍കുട്ടി, പ്രൊഫ. ആര്‍. ബിന്ദു, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ഐ.ടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.എം. അബ്രഹാം, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, ബി.എസ്.എന്‍.എല്‍, ടെലികമ്യൂണിക്കേഷന്‍ വകുപ്പ്, ബി.ബി.എന്‍.എല്‍,കേരള വിഷന്‍ ബ്രോഡ്ബാന്‍റ് പ്രൈവറ്റ് ലിമിറ്റഡ്, വൊഡാഫോണ്‍, ഭാരതി എയര്‍ടെല്‍, ടാറ്റാ കമ്യൂണിക്കേഷന്‍, റിലയന്‍സ് ജിയോ, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, എ.ടി.സി ടെലകോം, ഇന്‍ഡസ് ടവേഴ്സ് ലിമിറ്റഡ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വേണ്ട ഇന്‍റര്‍നെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇന്ന് വിശദമായ ചര്‍ച്ച നടന്നു.

എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമായതിന് ശേഷമേ ഓണ്‍ലൈന്‍ പഠനത്തിലേക്ക് പൂര്‍ണ്ണമായും കടക്കൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന നല്‍കി മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ പ്രത്യേക നിധി രൂപീകരിക്കാനും മുഖ്യമന്ത്രി നേരത്തേ വിളിച്ച ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. ആദിവാസി മേഖലകളില്‍ വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളില്‍ ജനറേറ്ററുകള്‍, സോളാര്‍ സംവിധാനം എന്നിവ എത്തിച്ച്‌ വൈദ്യുതി ലഭ്യമാക്കണം. ഊര് അടിസ്ഥാനത്തില്‍ പഠന സൗകര്യമൊരുക്കണം. ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കാന്‍ തയ്യാറുള്ളവരെ കണ്ടെത്തി ലഭ്യമാക്കാന്‍ പ്രത്യേകനിധി രൂപീകരിക്കും.

ചുരുക്കത്തില്‍ ഡിജിറ്റല്‍ അന്തരം പരിഹരിക്കാന്‍ വിപുലമായ യജ്ഞത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top