കൊച്ചി: ലക്ഷദ്വീപിലെ നടപടികള്‍ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാനെന്ന് കലക്ടര്‍. മദ്യവില്പനക്കുള്ള അനുമതി വിനോദസഞ്ചാരമേഖലക്ക് മാത്രമാണെന്നും കലക്ടര്‍ എസ്.അസ്കര്‍ അലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലക്ഷദ്വീപില്‍ നടക്കുന്ന ഒഴിപ്പിക്കലിനെ ന്യായീകരിക്കുന്നതായിരുന്നു കലക്ടറുടെ വാര്‍ത്താസമ്മേളനം. ദ്വീപില്‍ നിന്ന് പുറത്തുവരുന്ന വാര്‍ത്തകള്‍ കുപ്രചാരണങ്ങള്‍ ആണെന്നും കലക്ടര്‍ വിശദീകരിച്ചു. ദ്വീപിന്റെ സുരക്ഷയെ കരുതിയാണ് പുതിയ നിയമനിര്മാണങ്ങളെന്നും അദ്ദേഹം ന്യായീകരിച്ചു.
അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തില്‍ ദ്വീപില്‍ നടപ്പാക്കാന്‍ പോകുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞായിരുന്നു വാര്‍ത്താസമ്മേളനം തുടങ്ങിയത്.
ലക്ഷദീപിലെ അനധികൃത കയ്യേറ്റങ്ങളാണ് പൊളിച്ചത്. ലക്ഷദ്വീപില്‍ കുറ്റകൃത്യങ്ങള്‍ പെരുകി, മയക്കുമരുന്നു കടത്ത് വര്‍ദ്ധിച്ചു.
കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപ്. പ്രദേശത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആദ്യ ഡോസ് വിതരണം ചെയ്യാനുള്ള വാക്സിന് സ്റ്റോക്കുണ്ട്. കവരത്തിയില്‍ ഓക്സിജന്‍ പ്ലാന്റും മോഡല്‍ ഹൈസ്കൂളും ഒരുക്കും. മികച്ച മത്സ്യഗ്രാമമാക്കി ദ്വീപിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ അധികാരം കുറിച്ചിട്ടില്ല.
അതേസമയം,കൊച്ചിയില്‍ എത്തിയ ലക്ഷദ്വീപ് കളക്ടര്‍ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, സിപിഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.