Latest News

ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്

കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് പുതിയ നടപടി.ഫാമിലെ പശുക്കളെ ഈ മാസം 31ഓടെ വിറ്റഴിക്കാനും ഉത്തരവിൽ പറയുന്നു.

ഫാമുകൾ അടച്ചുപൂട്ടുന്നത് വഴി നിരവധി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടും. ദ്വീപിലെ പാല്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണം ഇല്ലാതാക്കി സ്വകാര്യ കമ്പനിയുടെ പാൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനാണ് ശ്രമമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതേതുടർന്ന് പ്രമുഖ പാൽ ഉത്പന്ന നിർമാതാക്കളായ ‘അമൂലി’നെ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ജനങ്ങൾ രം​ഗത്തെത്തി. ഗുജറാത്ത് കോപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കെറ്റിങ് ഫെഡറേഷന്റെതാണ് അമുല്‍.

പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. നടൻ പൃഥ്വിരാജ് ദ്വീപിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ച് രം​ഗത്തെത്തി. ഒരു രാജ്യത്തെയോ സംസ്ഥാനത്തെയോ ഒരു കേന്ദ്രഭരണ പ്രദേശത്തെയോ നിർണ്ണയിക്കുന്നത് ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിർത്തിയല്ല, മറിച്ച് അവിടെ താമസിക്കുന്ന ആളുകളാണ്. പുരോ​ഗമനത്തിന്റെ പേര് പറഞ്ഞ് വർഷങ്ങളായി ജനങ്ങൾ ഒത്തൊരുമയോടെ കഴിയുന്ന നാട്ടിൽ സമാധാനം തകർത്ത് നടപ്പാക്കുന്ന ഇത്തരം നടപടികളെ എങ്ങിനെ വികസനമെന്ന് വിളിക്കുമെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതും ഗുണ്ടാ ആക്ട് നടപ്പിലാക്കിയതുമടക്കമുള്ള നടപടികള്‍ക്കെതിരെയാണ് സി.കെ വിനീതിന്റെ പ്രതികരണം.

തീരത്തുള്ള ചെറിയ ദ്വീപ് താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാണെന്നും പക്ഷേ ഇന്ന് ഭരണപരമായ അനീതികള്‍ പൗരന്മാര്‍ക്ക് ദുസ്സഹമായി തീര്‍ന്നിരിക്കുകയാണെന്നും സി.കെ വിനീത് ഫേസ്ബുക്കിലെഴുതി.

ലക്ഷദ്വീപിന്റെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായ ദിനേശ്വര്‍ ശര്‍മയുടെ പെട്ടെന്നുള്ള മരണവും തുടര്‍ന്ന് മോദി സര്‍ക്കാര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമിച്ചതിന് പിന്നാലെയാണ് ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവിതം ദുസ്സഹമായി തീര്‍ന്നതെന്നും വിനീത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top