Breaking News

നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം

തിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൊവ്വാഴ്ച മുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കി. കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ നിലവിലുണ്ടായിരുന്നതിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്നുമുതല്‍ ഉണ്ടാകുക.

സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാരെ വച്ച്‌ പ്രവര്‍ത്തിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. ഹോട്ടലുകളില്‍ പാഴ്സല്‍ മാത്രം അനുവദിക്കും, അതും രാത്രി 9 മണി വരെ മാത്രം.

ബാങ്കുകളുടെ പ്രവര്‍ത്തനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാകും. ദീര്‍ഘദൂര ബസുകളും ട്രെയിനുകളുമുണ്ടാകും. ഓട്ടോ , ടാക്സി , ചരക്ക് വാഹനങ്ങള്‍ക്ക് അത്യാവശ്യ യാത്രകള്‍ക്ക് മാത്രമേ അനുമതിയുണ്ടാകൂ. വിവാഹത്തിന് പരമാവധി 50 പേര്‍ക്കും, മരണാനന്തര ചടങ്ങില്‍ 20 പേര്‍ക്കും ആണ് അനുമതി.

തുണിക്കടകള്‍, ജ്വല്ലറി, ബാര്‍ബര്‍ ഷോപ്പ് എന്നിവ തുറക്കില്ല. പാല്‍, പച്ചക്കറി, പലവ്യജ്ഞനം, മത്സ്യം, മാംസം, അവശ്യസാധനങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ആശുപത്രികള്‍,ഫാര്‍മസി എന്നിവയ്ക്കും തടസ്സമില്ല. പെട്രോള്‍ പമ്ബ് , വര്‍ക്ക് ഷോപ്പ്, ടെലികോം സര്‍വ്വീസുകള്‍ എന്നിവയ്ക്കും മുടക്കമുണ്ടാകില്ല.

ഐടി സ്ഥാപനങ്ങളില്‍ ജീവനക്കാരുടെ എണ്ണം ചുരുക്കണം. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളുടെ ഓഫീസുകളിലും 25 ശതമാനം ജീവനക്കാര്‍ മാത്രമേ എത്താവൂ. സിനിമാ സിരീയല്‍ ചിത്രീകരണം നടക്കില്ല.

നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് കാണിച്ച്‌ യാത്രചെയ്യാം. കൊറിയര്‍ സര്‍വീസ് ഹോം ഡെലിവറി വിഭാഗത്തില്‍പ്പെട്ടതായതിനാല്‍ ഇളവ് അനുവദിച്ചിട്ടുണ്ട്.

എന്നാല്‍, അത്തരം സ്ഥാപനങ്ങളില്‍ നേരിട്ടുചെന്ന് സാധനങ്ങള്‍ കൈപ്പറ്റാന്‍ പൊതുജനങ്ങളെ അനുവദിക്കില്ല. ഇ-കൊമേഴ്‌സുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കും ഇളവനുവദിച്ചിട്ടുണ്ട്.

 

ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡിലും ഒരു വനിതാ പൊലീസ് ഓഫീസറെ വീതം നിയോഗിക്കും. വനിതാ പൊലീസ് സ്റ്റേഷന്‍, വനിതാ സെല്‍, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവിടങ്ങളിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുക.

 

ഓക്സിജന്‍, മരുന്നുകള്‍ എന്നിവയുടെ നീക്കം തടസ്സപ്പെടാതിരിക്കാന്‍ എല്ലാ ജില്ലകളിലും ഒരു നോഡല്‍ ഓഫീസറെ നിയോഗിക്കും. ഓക്സിജന്‍ കൊണ്ടുപോകുന്ന ഗ്രീന്‍ കോറിഡോര്‍ സംവിധാനത്തിന്റെ നോഡല്‍ ഓഫീസറായി ക്രമസമാധാനവിഭാഗം എഡിജിപിയെ നിയോഗിച്ചു. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബുകളില്‍ ദിവസേന സന്ദര്‍ശനം നടത്തണമെന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top