Breaking News

വിവാഹത്തിന് ആളുകൾ കൂടിയാൽ പിഴ 5000 രൂപ,നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ ഇങ്ങനെ..

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കടുത്ത പിഴയുമായി സര്‍ക്കാര്‍. വിവാഹ ആഘോഷങ്ങള്‍ക്കോ അതിനോടനുബന്ധ ആഘോഷങ്ങള്‍ക്കോ ഒരു സമയം പരമാവധി 50 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ, മാസ്‌ക് ധരിക്കാതിരിക്കുകയോ, സാമൂഹിക അകലം പാലിക്കാതിരിക്കുകയോ, സാനിറ്റൈസര്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ 5000 രൂപയാണ് പിഴയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

മറ്റ് പിഴകള്‍ ചുവടെ:

കോവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളില്‍ രോഗവ്യാപനം തടയുന്നതിന് അനിവാര്യമായ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ ഇവ ലംഘിച്ച്‌ കൂട്ടം ചേരലുകളോ ആഘോഷങ്ങളോ ആരാധനകളോ നടത്തിയാല്‍ 5000 രൂപ പിഴ ഈടാക്കും.

കോവിഡ് ബാധിക്കപ്പെട്ട സ്ഥലങ്ങളിലേക്ക് ആരെങ്കിലും അനാവശ്യമായി പ്രവേശിക്കുകയോ അവിടെ നിന്നും ആരെങ്കിലും അനാവശ്യമായി പുറത്തേക്ക് പോവുകയോ ചെയ്താല്‍ 500 രൂപ ഫൈന്‍.

ക്വാറന്റെന്‍ ലംഘിച്ചാല്‍ 2000 രൂപ ഫൈന്‍.

നിരോധനം ലംഘിച്ച്‌ കൊണ്ട് പൊതുസ്ഥലങ്ങളില്‍ മീറ്റിങ്ങുകള്‍, ധര്‍ണ, റാലി അമിതമായി ആളുകള്‍ പങ്കെടുത്താല്‍ 3000 രൂപ പിഴ ഈടാക്കും.

അടച്ചുപൂട്ടാനുള്ള നിര്‍ദേശങ്ങള്‍ നിലനില്‍ക്കേ അത് ലംഘിച്ച്‌ കൊണ്ട് സ്‌കൂളുകളോ ഓഫീസുകളോ ഷോപ്പുകളോ മാളുകളോ കൂടാതെ ആളുകള്‍ കൂട്ടം കൂടാന്‍ ഇടയുള്ള മറ്റ് സ്ഥലങ്ങളോ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 2000 രൂപ പിഴ അടയ്‌ക്കേണ്ടി വരും.
ക്വാറന്റൈന്‍ ലംഘനം നടത്തുന്നവര്‍ക്ക് 2000 രൂപയാണ് പിഴ.

അതിഥി തൊഴിലാളികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 500 രൂപ പിഴ അടയ്ക്കണം.

പൊതുസ്ഥലങ്ങളില്‍ മൂക്കും വായും മറച്ച്‌ കൊണ്ട് മാസ്‌കോ മുഖാവരണമോ ധരിക്കാതിരുന്നാല്‍ 500 രൂപ ഫൈന്‍.

പൊതുസ്ഥലത്ത് ആളുകള്‍ തമ്മില്‍ 6 അടി സാമൂഹിക അകലം പാലിക്കാതിരുന്നാല്‍ 500 രൂപ ഫൈന്‍.

മരണാനന്തര ചടങ്ങുകള്‍ക്ക് ഒരു സമയം പരമാവധി 20 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ അവര്‍ മാസ്‌ക് ധരിക്കാതിരിക്കുകയോ, സമൂഹിക അകലം പാലിക്കാതിരിക്കുകയോ കൊവിഡ് രോഗം സംശയിക്കപ്പെട്ട വ്യക്തിയുടെ ശവസംസ്‌കാര ചടങ്ങിനുള്ള ചട്ടങ്ങള്‍ ലംഘിക്കുകയോ ചെയ്താല്‍ 2000 രൂപയാണ് പിഴ.

എഴുതി നല്‍കപ്പെട്ട അനുമതി ഇല്ലാതെ ഗെറ്റ് ടുഗതര്‍, ധര്‍ണ്ണകള്‍, പ്രതിഷേധങ്ങള്‍, പ്രകടനങ്ങള്‍, മറ്റ് തരത്തിലുള്ള കൂട്ടം ചേരലുകള്‍ എന്നിവ നടത്തിയാലോ പരമാവധി 10 പേരില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുകയോ അവര്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 3000 രൂപ പിഴ ഈടാക്കും.

സാനിറ്റൈസര്‍ ഇല്ലാതെ കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവര്‍ത്തിക്കുക, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ കടകളോ സ്ഥാപനങ്ങളോ തുറന്നുപ്രവര്‍ത്തിക്കുക, അനുവദീനയമായ സമയത്തിന് ശേഷവും കടകളോ സ്ഥാപനങ്ങളോ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 500 രൂപ പിഴ ഈടാക്കും

പൊതുസ്ഥലങ്ങളിലോ റോഡിലോ ഫൂട്ട്പാത്തിലോ തുപ്പിയാല്‍ 500 രൂപ പിഴ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top