Breaking News

കാർഷിക നിയമഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് മുഖ്യമന്ത്രി, ഗവർണറെ വിമർശിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രമേയം മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു. രാജ്യ തലസ്ഥാനം ഐതിഹാസിക പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണെന്ന് മുഖ്യമന്ത്രി. വില തകര്‍ച്ചയും കര്‍ഷക ആത്മഹത്യയും വലിയ പ്രശ്‌നമാണ്. കേന്ദ്ര നിയമം കര്‍ഷക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. കേന്ദ്ര നിയമ ഭേദഗതി കോര്‍പറേറ്റുകള്‍ക്ക് വേണ്ടി മാത്രമുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷക പ്രക്ഷോഭം തുടര്‍ന്നാല്‍ അത് കേരളത്തെ വലിയ രീതിയില്‍ ബാധിക്കും. കര്‍ഷകര്‍ക്ക് ന്യായ വില നല്‍കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാര്‍ ഒഴിഞ്ഞുവെന്നും മുഖ്യമന്ത്രി.

അതേസമയം സമാനതകളില്ലാത്ത സാഹചര്യത്തിലാണ് സഭ സമ്മേളിക്കുന്നതെന്ന് സ്പീക്കര്‍ പി രാമകൃഷ്ണന്‍ വ്യക്തമാക്കി. നിയമസഭകള്‍ക്ക് ഇടപെടാനുള്ള ബാധ്യതയുണ്ട്.മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ് രംഗത്തെത്തി. പ്രതിപക്ഷം പ്രമേയത്തില്‍ ഭേദഗതിയും നിര്‍ദേശിച്ചു. സഭാ സമ്മേളനത്തിന് ആദ്യം അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടി ശരിയായില്ല. ക്രിസ്‌മസ് കേക്കുമായി രണ്ട് മന്ത്രിമാര്‍ ഗവര്‍ണറെ കാലുപിടിക്കാന്‍ പോയത് നാണക്കേടാണെന്നും കെ സി ജോസഫ് പറഞ്ഞു.

 

പ്രമേയത്തിന്റെ ഉളളടക്കത്തെ പൂര്‍ണമായും അംഗീകരിക്കുന്നുവെന്ന് സി പി ഐ കക്ഷി നേതാവായ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിയമസഭയില്‍ പറഞ്ഞു. ഉത്പാദനത്തിന്‍ മേലുളള കര്‍ഷകന്റെ സ്വാതന്ത്ര്യം നഷ്‌ടപ്പെടാന്‍ സാദ്ധ്യതയുണ്ട്. രാജ്യത്തിന്റെ കരുതല്‍ ശേഖരം ഈ നിയമത്തിലൂടെ ഇല്ലാതാകും. കേരളം പോലുളള സംസ്ഥാനങ്ങള്‍ പ്രതിസന്ധിയിലാകും. പ്രധാനമന്ത്രി ഇടയ്‌ക്കിടെ പറയുന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ ധാന്യം വിളയില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കേരളാ കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഇടതുമുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ സഭാ സമ്മേളനമാണ് ഇന്നത്തേത്. പ്രമേയത്തെ എതിര്‍ക്കുമെന്ന് ബിജെപിയുടെ ഏക അംഗം ഒ. രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top