Breaking News

കേരള പൊലീസ് അക്കാദമിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: കേരള പൊലീസ് അക്കാദമിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. കേരള സൈബർ വാരിയേഴ്സാണ് ഹാക്ക് ചെയ്തത്. നെയ്യാറ്റിൻകരയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹാക്കിംഗ്. കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചുവിട്ട് സേനയെ സംശുക്തമാക്കണമെന്നാവശ്യത്തോടെയാണ് ഹാക്ക് ചെയ്തതെന്ന് സൈബർ വാരിയേഴ്സ് പറയുന്നു.

നെയ്യാറ്റിൻകര സംഭവത്തില്‍ പ്രതിഷേധിച്ചുള്ള കേരള സൈബർ വാരിയേഴ്സിന്‍റെ കുറിപ്പ്:

മൃദുവായ പെരുമാറ്റം, ദൃഢമായ കർമ്മങ്ങൾ’ എന്ന് അർത്ഥമാക്കുന്ന ‘മൃദു ഭാവെ ദൃഢ കൃത്യേ’ എന്ന സംസ്കൃത വാക്യം ആണ്‌ കേരള പൊലീസ് സേനയുടെ ആപ്തവാക്യം. ഈ ആപ്‌ത വാക്യങ്ങളിൽ ആദ്യ വാക്യം തീർത്തും നിഷ്പ്രഭമാക്കിയിട്ട് പൊലീസ് എന്നത് കിരാത വാഴ്ച്ചയുടെ ഓർമപ്പെടുത്തൽ ആണ് അന്നും ഇന്നും.

അധികാര വർഗ്ഗത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും താല്പര്യ സംരക്ഷകരായിട്ടാണ് പൊലീസ് എന്നും ആവർത്തിക്കുന്നത്. ജനങ്ങളുടെ ഭാഗമായി ജനങ്ങൾക്കു വേണ്ടി ജനങ്ങളോടൊത്ത് പ്രവർത്തിച്ച് ക്രമ സമാധാനം കാത്ത് സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ പൊലീസ്, സ്വന്തം അച്ഛനും അമ്മയും കൺമുന്നിൽ വെന്തെരിഞ്ഞു വെണ്ണീർ ആയപ്പോൾ ആ കുട്ടികളുടെ മാനസിക അവസ്ഥ പോലും കണക്കിലെടുക്കാതെ കുഴിമാടം വെട്ടുന്ന മകനോട് ചോദിക്കുകയും പറയുകയും ചെയ്യുന്ന വാചകങ്ങളുടെ രീതി തികച്ചും ക്രൂരതയാണ്. പ്രതിഷേധം ഉയരേണ്ടതാണ്. ഒരായുസ്സ് മുഴുവൻ വേട്ടയാടപ്പെടാൻ പോകുന്ന കാഴ്ചകൾ ആണ് ഇനി അവർ നേരിടാൻ പോകുന്നത്.

ഒരു ദിവസം കൊണ്ടു ഉറ്റവരെ നഷ്ടപ്പെട്ടു ഈ ലോകത്തിൽ ഒറ്റപെട്ടു പോയ കുഞ്ഞുങ്ങൾ! അവരോടാണ് “ഡാ നിർത്തെടാ..” എന്ന് ഏമാൻ ആജ്ഞാപിക്കുന്നത്. “ഇനിയെൻ്റെ അമ്മയും കൂടെ മരിക്കാനുള്ളൂ സാറേ” എന്ന് പറയുന്ന ബാലനോട്, ഏമാൻ ഒരു സങ്കോചവും കൂടാതെ മറുപടിയായി, “അതിനിപ്പോ ഞാനെന്ത് വേണം ? ” എന്ന ഒരു മനുഷ്യത്വവും ഇല്ലാത്ത ഏമാന്റെ അധികാരത്തിന്റെ ധാർഷ്ട്യത നിറഞ്ഞ വാക്കുകള്‍ ഓരോ സാധാരണ മനുഷ്യന്റെയും നെഞ്ചിൽ കനലായി എരിഞ്ഞു കൊണ്ടിരിക്കയാണ്.

അധികാരത്തിന്റെ അന്ധതയിലേക്കു പോകുമ്പോള്‍ ഏമാന്‍ മറന്നു പോകുന്ന ചില കാര്യങ്ങളുണ്ട്. അച്ഛന്റെ കുഴിമാടം വെട്ടേണ്ടി വന്ന അവനും ഞങ്ങളും നല്‍കുന്ന നികുതി കൊണ്ടാണ് ഏമാനേ നിങ്ങളും ചോറുണ്ണുന്നത്. പോലീസ് അക്കാഡമിയിൽ വിദ്യ അഭ്യസിപ്പിക്കുന്ന ഗുരുക്കന്മാർ നിങ്ങളുടെ ശിഷ്യന്മാരെ ഇങ്ങനെ ഒന്ന് ഉപദേശിക്കണം ‘ജനങ്ങളുടെ നികുതിപ്പണം എടുത്തു ശമ്പളം തരുന്നത് ജനങ്ങളെ സേവിക്കാനാണ് അല്ലാതെ സാധാരണ ജനങ്ങളുടെ മുകളില്‍ കുതിര കയറാനല്ല. പൊതു ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നല്‍കുകയും, തുല്ല്യ നീതി നടപ്പിലാക്കുകയുമാണ് നിങ്ങളുടെ കർമ്മമെന്നും!

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇത്‌ മൂന്നാമത്തെ വീഡിയോയാണ് പൊലീസിന് എതിരായി വന്നിട്ടുള്ളത്, അതിലെല്ലാം സാധാരണ ജനങ്ങളോടുള്ള പോലീസിന്റ സമീപനം വ്യക്തമാകുകയാണ്.

പരാതി നല്‍കുവാന്‍ സ്റ്റേഷനില്‍ വന്ന അച്ഛനോടും,മകളോടും മോശമായി പെരുമാറുന്നത്, വഴി വക്കില്‍ പഴക്കച്ചവടം നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന യുവാവിനോടുള്ള ‘കായും പൂവും’ ചേർത്തുള്ള വിളിയുടെ ക്രെഡിറ്റ് ഇവയൊക്കെ കേരള പൊലീസിനെ വാർത്തെടുക്കുന്ന അക്കാദമിക്കും കൂടിയുള്ളതാണ്. പാവപ്പെട്ടവനും, പണക്കാരനും, രാഷ്ട്രീയ സ്വാധീനം ഉള്ളവനും, ഇല്ലാത്തവനും ഒരേ നീതി ഉറപ്പുവരുത്താൻ എന്തുകൊണ്ട് സേനക്ക് സാധിക്കുന്നില്ല..?? ഒരു വൃക്തി മാനസിക സംഘർഷത്തിൽ ആയിരിക്കെ, അത്തരം സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം അല്ലെങ്കിൽ അവിടെ എങ്ങനെ പെരുമാറണമെന്ന് അടിസ്ഥാന പരിശീലനം പോലും കിട്ടാത്ത ഒരു പരീക്ഷ എഴുതി പാസ്സ് ആയി വെറും ഒരു നോക്കു കുത്തിയെ പോലെ രാഷ്ട്രീയക്കാരുടെ അടിമ ആയി കഴിയാൻ ആണ് മിക്ക പൊലീസ് ഉദ്യോഗസ്ഥർക്കും താല്പര്യം.

ഏമാന്റെ ഭാഗത്തു നിന്ന് എന്ത് വീഴ്ച്ച വന്നാലും വെറും ഒരു സസ്പെൻഷൻ അല്ലങ്കിൽ ഒരു പണിഷ്മെന്റ് ട്രാൻസ്ഫർ മാത്രമായി ഒതുക്കുന്നത് കൊണ്ട് എന്ത് തെറ്റു ചെയ്താലും ആരും ചോദിക്കാനും പറയാനുമില്ല എന്ന ഹുങ്കാണ് പല ഏമാന്മാർക്കും ഉള്ളത്.

ആരെ ബോധ്യപ്പെടുത്താനാണ് ഇതുപോലുള്ള പ്രഹസനം? സ്ഥലം മാറ്റിയാൽ സ്വഭാവത്തിൽ മാറ്റം വരുമോ?

സസ്‌പെൻഷൻ ആയാൽ പോലും ആദ്യ 3 മാസം 50% സാലറി, പിന്നെ സർവിസിൽ തിരിച്ചു കേറും വരെ 75% ശമ്പളം കൊടുത്ത് സസ്പെന്‍ഷൻ കാലം കുടുംബത്തോടൊപ്പം ആസ്വദിക്കാൻ വീട്ടിൽ ഇരുത്തുന്ന ഈ ആചാരം കൊണ്ട് എന്ത് ശിക്ഷയാണ് ഇവർക്ക് ലഭിക്കുന്നത് ?

തെറ്റ് ചെയ്ത ഒരു പൊലീസ്‌കാരനെയെങ്കിലും ജോലിയിൽ നിന്ന് പിരിച്ചിവിടാൻ സാധിക്കുമോ ആഭ്യന്തരമന്ത്രിക്ക് ..??

അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട അധികാരികൾക്ക്..??

ഇവിടെ എത്രയോ ആളുകൾ ഒരു ജോലിക്കായി കാത്തിരിക്കുന്നു. അതിനിടയിൽ എന്തിനാണ് ഇത്തരം നീചന്മാരായ പൊലീസുകാരെ ഇപ്പോഴും സർവീസിൽ നിർത്തുന്നത്..??

പൊലീസ് അക്കാദമിയിൽ ജനങ്ങളെ സേവിക്കാൻ തിരഞ്ഞെടുക്കുന്നവരെ, മനസ്സു കൊണ്ടും ശരീരം കൊണ്ടും, ബുദ്ധി കൂർമത കൊണ്ടും സർവോപരി മനുഷ്യത്വമുള്ളവരാണെന്ന് ഉറപ്പു വരുത്തി സമൂഹത്തിലേക്ക് അയക്കണം. ഈ കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ ജോലി പോകും എന്ന അവസ്ഥ വരണം. ജനങ്ങൾക്ക് വേണ്ടിയാണ് തങ്ങൾ പ്രവർത്തിക്കുന്നത് എന്ന ബോധം പോലീസ് ഉദ്യോഗസ്ഥരിൽ ഉണ്ടാക്കുവാൻ കഴിയുന്ന ട്രെയിനിങ് രീതികൾ കൂടെ അവലംബിക്കേണ്ടത് ഇന്നത്തെ സാഹചര്യങ്ങളുടെ ആവശ്യവും കൂടിയാണ്.

തെറ്റുകൾ മനുഷ്യ സഹജമാണ്‌ അത് മനസിലാക്കി തിരുത്തണം.ഓർക്കുക ജനങ്ങളുടെ നികുതി പണം നൽകി നിങ്ങളെ നിയമിക്കുന്നത് അവരെ പരിപാലിക്കാനാണ് അവരുടെ അന്തകന്മാർ ആകാനല്ല. ജനമൈത്രി പൊലീസ് ആശയം നടപ്പിൽ വന്നു എന്ന അവകാശ വാദത്തിന്റെ പ്രായോഗികത ഈ സമയത്തെ ജനങ്ങളുടെ പ്രതികരണങ്ങൾ വായിച്ചാൽ മനസിലാക്കാൻ പറ്റുന്നത് ആണ്.

ചൂണ്ടിയ വിരലും, ഉയർന്ന തൂമ്പയും ഇനി ഒരു മാറ്റത്തിന്റെതാകട്ടെ. പ്രതികരിക്കുന്ന ജനത്തെ കണ്ടു ഭയപ്പെടാൻ ഇടയാകാതിരിക്കട്ടെ നമ്മുടെ നിയമപാലകർക്ക്. കാക്കിക്കുള്ളിലെ ക്രിമിനലുകളെ പിരിച്ചു വിട്ടു പൊലീസ് സേനയെ സംശുദ്ധമാക്കുക

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top