മുംബൈ : പ്രശസ്ത മാഗസിനായ വോഗിന്റെ “വോഗ് ഇന്ത്യ വുമൺ ഓഫ് ദി ഇയർ’ സീരിസിൽ ഇടം നേടി മന്ത്രി കെ കെ ശൈലജ. കവർ ചിത്രത്തിലാണ് കേരള ആരോഗ്യ വകുപ്പ് മന്ത്രി ഇടം നേടിയത്. ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിലാണ് മന്ത്രിയുടെ ചിത്രം.
അതത് മേഖലയിൽ കഴിവ് തെളിയിച്ച വനിതകളെയാണ് വോഗ് വുമൺ ഓഫ് ദ ഇയർ ആയി പറയുന്നത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ കെ ശൈലജയുടെ കവര്‍ ഫോട്ടോ. വോഗിന്റെ നവംബർ മാസത്തെ കവർ ചിത്രത്തിലാണ് കെ കെ ശൈലജ ഇടം നേടിയത്.
ലോകത്തെ വനിതാ നേതാക്കൾ പ്രതിസന്ധി ഘട്ടങ്ങൾ നേരിടുന്നതിൽ കാണിക്കുന്ന മികവ് മാഗസിൻ ചൂണ്ടിക്കാണിക്കുന്നു. ന്യൂസിലൻഡിലെ ജസിന്ത ആൻഡേൺ,ജർമ്മനിലെ ആങ്കല മെൽക്കൽ, തായ്വാനിലെ സായ് ഇങ് വെൻ തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണ് കെ കെ ശൈലജയുടെ പേരും പറയുന്നത്. ഈ പേരുകൾ എല്ലാം ചേർത്ത് വോഗ് വുമൺ ഓഫ് ദി ഇയർ പുരസ്കാരത്തിൻ്റെ അന്തിമ ഫലപ്രഖ്യാപനം ഈ മാസം അവസാനത്തോടെ ഉണ്ടാകും.
വോഗിന്റെ ‘വോഗ് വാരിയേഴ്സ്’ പട്ടികയിലും നേരത്തെ കെ കെ ശൈലജ ഇടം കണ്ടെത്തിയിരുന്നു.