Breaking News

കേന്ദ്ര ഏജൻസികൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; നിരുത്തരവാദപരമായ സമീപനത്തിനെനെതിരെ നിയമനടപടി

തിരുവനന്തപുരം:സംസ്ഥാന സർക്കാരിനെ കുറ്റവാളി  എന്ന രീതിയിലാണ് അന്വേഷണ ഏജൻസികൾ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏജൻസികളുടെത് നിരുത്തരവാദപരമായ സമീപനമാണ്. സംസ്ഥാനത്തിന്റെ വികസന പദ്ധതികളെ താറടിച്ച്‌ കാട്ടാനും അവയെ അട്ടിമറിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയാണെന്നും സര്‍ക്കാരിന്റെ അവകാശങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയെ കേന്ദ്ര ഏജന്‍സികള്‍ വഴി താറടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഈ ഇടപെടലുകളെ സ്വാഭാവികം എന്ന നിലയില്‍ കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിഎജി ആണ് സർക്കാർ പ്രവർത്തനം പരിശോധിക്കേണ്ടത്. തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണം എന്ന രീതിയിലേക്ക് വരുന്നു.സർക്കാരിൻറെ അധികാരം ആർക്കും അടിയറ വയ്ക്കാൻ തയ്യാറല്ല. ശരിയായ ദിശയിലുള്ള അന്വേഷണത്തിന് സർക്കാർ പിന്തുണ നൽകും. എൻഫോഴ്സ്മെൻറ് പരിധിയും പരിമിതിയും ലംഘിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ സര്‍ക്കാര്‍ ശക്തമായ നിലപാട് എടുത്തു. രാജ്യത്തിന്‍റെ സാമ്പത്തിക സുരക്ഷയെ അസ്ഥിരപ്പെടുത്തുന്നതിൽ സമഗ്ര അന്വേഷണം വേണമെന്ന് ആദ്യം ആവശ്യപ്പെട്ടും എല്ലാ സഹായവും നൽകാമെന്ന് അറിയിക്കുകയും ചെയ്തു. അന്വേഷണം ന്യായമായി നീങ്ങുമെന്നായിരുന്നു സര്‍ക്കാരിന്‍റെ പ്രതീക്ഷ. തുടക്കത്തിൽ അന്വേഷണം നല്ല വഴിക്കായിരുന്നു. എന്നാൽ പിന്നീട് ഏജൻസികളുടെ ഇടപെടൽ പ്രതീക്ഷകളെ അസ്ഥാനത്താക്കി.

എന്തെങ്കിലും വെളിച്ചത്താകുമോ എന്ന ഭയം ആണ് സര്‍ക്കാരിന് എന്ന പ്രചരണം നടത്തുന്ന വിധത്തിലായി കാര്യങ്ങൾ. രഹസ്യമായി നടത്തേണ്ട അന്വേഷണം ആവഴിക്ക് നടന്നില്ല. അന്വേഷണ സംഘത്തിന് പുറത്തുള്ളവര്‍ എങ്ങനെ അന്വേഷണ സംഘം പ്രവര്‍ത്തിക്കണമെന്ന് പ്രഖ്യാപിക്കാൻ തുടങ്ങി. മൊഴികളുടെ ഭാഗങ്ങൾ താൽപര്യങ്ങൾക്ക് അനുസരിച്ച് സെലക്ടീവായി ചോര്‍ന്ന് മാധ്യമങ്ങളിൽ വന്ന് തുടങ്ങി. അന്വേഷണം പ്രൊഫഷണലായി തുറന്ന മനസ്സോടെ ആകണം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രവര്‍ത്തിക്കേണ്ട ഏജൻസികൾ അതിൽ നിന്നെല്ലാം വ്യതിചലിക്കുമ്പോൾ എവിടെ നീതി എന്ന ചോദ്യം ഉയരുകയാണ്.

മുൻ വിധിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. അതങ്ങനെ ആകാൻ പാടില്ല. ആരെയൊക്കെയോ പ്രതിസ്ഥാനത്ത് എത്തിക്കണം എന്ന ധാരണയോടെ നടക്കുന്ന പ്രക്രിയയെ അന്വേഷണമെന്ന് പറയാനാകില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ തുടങ്ങിയ അന്വേഷണം ലൈഫ് മിഷനിലേക്കും ഇ മൊബിലിറ്റി പദ്ധതിയിലേക്കുംഎല്ലാം എത്തി. ഇതിനെതിരെ ഒക്കെ ആരോപണങ്ങൾ എയ്‍ത് വിടുന്ന സ്ഥിതി ഉണ്ടായി. ഒന്നിലധികം ഏജൻസികൾ കേസ് കൈകാര്യം ചെയ്ത് വരികയാണ്. അന്വേഷണ ഏജൻസിയുടെ തെളിവുശേഖരണത്തിന് ഉദ്യോഗസ്ഥനെ വിളിച്ച് വരുത്താം. രേഖകൾ പരിശോധിക്കാം. എന്നാൽ ഇതിനെല്ലാം പരിധിയുണ്ട്.

തീരാശാപമായി നിൽക്കുന്ന കള്ളപ്പണം നിയന്ത്രിക്കാൻ കര്‍ശന നിയമങ്ങൾ ഉണ്ടായി . അതിലൊന്നാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം. ഇതിനെല്ലാം അപ്പുറമുള്ള ഇടപെടലാണ് അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. ഭൂരഹിതര്‍ക്ക് അടച്ചുറപ്പുള്ള ഭവനം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ലൈഫ് പദ്ധതി. ലൈഫ് പദ്ധതി സുതാര്യമാണ്. സർക്കാരിന്‍റെ വികസന പദ്ധതികളെ ഇരുട്ടിൽ നിർത്താൻ ശ്രമം. ലൈഫിനെ ആകമാനം താറടിക്കാൻ ശ്രമിക്കുകയാണ്. ലക്ഷ്യം കൈവരിക്കുന്നത് തടയാനാണ് ശ്രമം നടക്കുന്നത്. അന്വേഷണ ഏജൻസികൾ പരിധി ലംഘിക്കുകയാണ്. ചെലവും വരുമാനവും പരിശോധിക്കാൻ സിഎജി ഉണ്ട്.

സിഎജിയെ ചുമതലപ്പെടുത്തിയ ജോലി കള്ളപ്പണ നിരോധന നിയമം അനുസരിച്ചാണോ ചെയ്യേണ്ടത്. എല്ലാം കേന്ദ്ര ഏജൻസികൾ കയ്യടക്കുന്ന സ്ഥതിയാണ് ഇപ്പോഴുള്ളത്. സംസ്ഥാന സര്‍ക്കാരിനെ ആകെ കുറ്റവാളിയെന്ന ദൃഷ്ടിയോടെ കാണുകയും ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുകയും രാഷ്ട്രീയ പ്രതിയോഗികൾക്ക് ചെയ്യാം. പക്ഷെ അന്വേഷണ ഏജൻസികൾക്ക് ആകാമോ എന്നാണ് ചോദ്യം. ഓരോ ഏജൻസിക്കും അതിന്‍റെ അതിര്‍ വരമ്പുണ്ട്.

സത്യവാചകം ചൊല്ലി ഒരാൾ നൽകുന്ന മൊഴി എങ്ങനെയാണ് പ്രത്യേക രൂപത്തിൽ മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത് ? ഈ അന്വേഷണത്തിൽ ജനങ്ങൾക്ക് വിശ്വാസമാണോ അവിശ്വാസം ആണോ ഉണ്ടാകുക, ഏജൻസികൾ അന്വേഷണം ന്യായ യുക്തമായി ചെയ്യുമ്പോഴാണ് അതിൽ വിശ്വാസ്യത ഉണ്ടാകുക.

തിരക്കഥയ്ക്ക് അനുസരിച്ച് അന്വേഷണം നീങ്ങുന്നു എന്ന് തോന്നുന്നത് ജനാധിപത്യ സംവിധാനത്തിന് തിരിച്ചടിയാണ്. ഇതല്ല ജനം പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ സഹായം നൽകുമെന്ന് പറഞ്ഞത് ഈ രിതീയിലുള്ള അന്വേഷണത്തിന് അല്ല , എല്ലാ അധികാരങ്ങളിലും ഏജൻസികൾ കടന്ന് കയറുന്നു. അത് അവരുടെ സ്വയം അധികാര പരിധി ലംഘിക്കലും ഭരണഘടനാ ലംഘനവും ആണ്. നിയമത്തിന് അകത്ത് നിന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ ഇടപെടൽ നടത്തും.

മുൻപെങ്ങുമില്ലാത്ത വികസന പദ്ധതികളാണ് ഈ സര്‍ക്കാര്‍ കേരളത്തിൽ നടപ്പാക്കുന്നത്. അത് ഇകഴ്ത്തിക്കാട്ടാൻ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നെന്ന് ആരെങ്കിലും ആരോപിച്ചാൽ കുറ്റം പറയാനാകില്ല. ഉദാഹരണം കെ ഫോൺ പദ്ധതി. അതിന് ഇടങ്കോലിടുന്നത് ജനം പൊറുക്കില്ല. ഇന്‍റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. 52000 കിലോമീറ്റര്‍ ഒപ്റ്റിക്കൽ ഫൈബര്‍ കേബിള്‍ ഇട്ടുകഴിഞ്ഞു. കെ ഫോൺ ശൃഘലയാണ്. ഏത് വീട്ടിലേക്കും ഇന്‍റര്‍നെറ്റ് എത്തിക്കാൻ പറ്റും. കെ ഫോണിനെ തകര്‍ക്കാൻ ശ്രമിക്കുന്നവരോട് പറയാനുള്ളത് എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്നാണ്, ന്യായമായ എന്ത് അന്വേഷണവുമായും സഹകരിക്കും.

കോടതിക്ക് മേൽ മനസാക്ഷിയെ പ്രതിഷ്ഠിക്കുന്ന രീതിയും സര്‍ക്കാരിനില്ല . അന്വേഷണ ഏജൻസികൾക്ക് മേൽ കക്ഷി രാഷ്ട്രീയത്തിന്‍റെ പരുന്ത് പറന്നാൽ അത് അംഗീകരിക്കില്ല. തെറ്റായ രീതികളെ ഒരു കാരണവശാലും അംഗീകരിക്കില്ല. നയപരമായ അവകാശം ആർക്ക് മുൻപിലും അടിയറവ് വെക്കില്ല. മാധ്യമങ്ങളുടെ പങ്കും പറയാതിരിക്കാനാകില്ല. സർക്കാരിനെതിരായ വിധ്വംസക പ്രവർത്തനങ്ങൾക്ക് മാധ്യമങ്ങളും പിന്തുണ നൽകുന്നു.

സ്വാതന്ത്രം എന്ന മേലങ്കിയിട്ട മാധ്യമങ്ങൾ വിധ്വംസക പ്രവര്‍ത്തനങ്ങൾക്ക് പിന്തുണ നൽകുന്നു. ഒരു ദിവസം പോലും ആയുസ്സില്ലാത്ത വാര്‍ത്തകളെ ആഘോഷിക്കുന്നതിന് പിന്നിലും ഇതേ മനോഭാവമാണ്. ഒരു ആക്രമണത്തിന് മുന്നിലും തകര്‍ന്ന് പോകില്ല. എല്ലാം തിരിച്ചറിയാനുള്ള ജനങ്ങളുടെ ശക്തിയെ ആരും കുറച്ച് കാണേണ്ടതും ഇല്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top