Breaking News

പാലാരിവട്ടം പാലം പൊളിച്ചുപണിയാം; സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയുടെ അനുമതി

ഡൽഹി: പാലാരിവട്ടം പാലം പൊളിച്ച് പണിയാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി അനുമതി നൽകി. പാലം പൊളിക്കുന്നതിന് മുമ്പ് ഭാരപരിശോധന നടത്തണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഭാരപരിശോധനയ്ക്ക് നിർദേശിച്ച ഹൈക്കോടതി വിധിയെയും സുപ്രീംകോടതി വിമർശിച്ചു.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതും ആയി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് എത്രയും വേഗം തുടർ നടപടികൾ സ്വീകരിക്കാം എന്ന് ജസ്റ്റിസ് ആർ എഫ് നരിമാന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് വ്യക്തമാക്കി. സ്ട്രക്ച്ചറൽ എൻജിനീയർമാർ ഉൾപ്പടെ ഉള്ള വിദഗ്ദ്ധർ ആണ് മേൽപാലം അപകടാവസ്ഥയിൽ ആണെന്ന് സർക്കാരിന് റിപ്പോർട്ട് നൽകിയത് എന്ന് കോടതി ചൂണ്ടിക്കാട്ടി. അത്തരം ഒരു റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതിൽ തെറ്റ് ഇല്ല എന്നും കോടതി ചൂണ്ടക്കാട്ടി.

ഇ. ശ്രീധരൻ നടത്തിയ ചില അഭിപ്രായപ്രകടനങ്ങളെ തുടർന്ന് ആണ് സംസ്ഥാന സർക്കാർ പാലം പൊളിക്കാൻ ഉള്ള നടപടികളിലേക്ക് കടന്നത് എന്ന് പാലം നിർമ്മാതാക്കൾ ആയ ആർ ഡി എസ് പ്രോജെക്സ്റ്റിന് വേണ്ടി ഹാജർ ആയ അഭിഷേക് മനു സിംഗ്വി ആരോപിച്ചു. ശ്രീധരന്റെ ഈഗോ ആണ് ഇത്തരം ഒരു അഭിപ്രായപ്രകടനത്തിന് കാരണം ആയത് എന്നും അദ്ദേഹം ആരോപിച്ചു. മേൽപ്പാലത്തിന്റെ കൺസൽട്ടൻറ് ആയ കിറ്റ് കോയ്ക്ക് വേണ്ടി ഹാജർ ആയ ഗോപാൽ ശങ്കര നാരായണനും ഈ അഭിപ്രായത്തെ പിൻതാങ്ങി.

എന്നാൽ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എൻജിനീയർ ആണ് ശ്രീധരന് എന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. ശ്രീധരന് എതിരായ പരാമർശം പ്രതിഷേധാർഹം ആണെന്നും അറ്റോർണി ജനറൽ വാദിച്ചു.

പാലാരിവട്ടത്ത് ഇനി നിർമ്മിക്കാൻ പോകുന്ന പാലം നൂറു വർഷം നിലനിൽക്കും എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ വ്യക്തമാക്കി. ഇത് കൂടി കണക്കിലെടുത്ത് കൊണ്ടുള്ള രൂപകൽപ്പന ആണ് സർക്കാർ ആലോചിക്കുന്നത്. പുതിയ പാലം നിർമ്മിക്കാൻ ഏതാണ്ട് 18 കോടി ചെലവ് വരും എന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഇപ്പോഴത്തെ പാലത്തിന്റെ അറ്റകുറ്റ പണിക്ക് എട്ട് കോടിയോളം ചെലവ് വരും. എന്നാൽ പാലം 20 കൊല്ലത്തിന് അപ്പുറം നിലനിൽക്കില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top