Breaking News

നിയമസഭയിലെ കയ്യാങ്കളി: കേസ് പിൻവലിക്കാനാവില്ലെന്ന് കോടതി; സർക്കാരിന് തിരിച്ചടി

തിരുവനന്തപുരം: 2015-ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയിൽ നടന്ന കൈയാങ്കളിയിൽ അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികർക്കെതിരായ കേസ് പിൻവലിക്കണമെന്ന ഹർജി കോടതി തള്ളി. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് തള്ളിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. അടുത്ത മാസം 15-ന് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണം.

പൊതുമുതൽ നശീകരണം അടക്കം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്ന കേസാണ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹർജി നൽകിയത്. ഹർജി പിൻവലിക്കരുതെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകരും കോട്ടയം സ്വദേശികളുമായ എം.ടി.തോമസ്, പീറ്റർ മയിലിപറമ്പിൽ എന്നിവർ ഹർജി നൽകിയിരുന്നു.

നിയമസഭയിൽ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാർ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികൾ ചെയ്ത പ്രതികൾക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കിൽ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് ഹർജിക്കാർ വാദിച്ചു.

പൂട്ടിക്കിടന്ന ബാറുകൾ തുറക്കാൻ മുൻ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാൻ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എൽ.എ.മാർ സ്പീക്കറുടെ ഡയസ്സിൽ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകർത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികൾ.

കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ.സദാശിവൻ,വി.ശിവൻകുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി.ശിവൻ കുട്ടി മുഖ്യമന്ത്രിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിൻവലിക്കാൻ സർക്കാർ കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള തടസ്സ ഹർജി നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top