Breaking News

‘വിവാദ വാക്കുകൾ പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു’: സ്ത്രീവിരുദ്ധ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മനസ്സിൽ ഉദ്ദേശിക്കാത്ത പരമാർശമാണുണ്ടായതെന്നും വിവാദ വാക്കുകൾ പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തലയുടെ ഖേദപ്രകടനം.

കഴിഞ്ഞ ദിവസം സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ഡി.വൈ.എഫ്.ഐക്കാർക്ക് മാത്രമേ പീഡിപ്പിക്കാൻ പാടുള്ളുവെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്ന ചെന്നിത്തലയുടെ പരാമർശമാണ് വിവാദങ്ങൾ വഴിവെച്ചത്. ഇതിന് പിന്നാലെ വലിയ വിമർശനമാണ് പ്രതിപക്ഷ നേതാവിനെതിരേ ഉയർന്നത്.


ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളീയ സമൂഹം ചരിത്രത്തിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള സ്ത്രീ പീഡന സംഭവങ്ങളാണ് സർക്കാർ സംവിധാനങ്ങളിൽ പോലുമുണ്ടായിരിക്കുന്നത്. കോവിഡ് രോഗികളെപ്പോലും പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടായി.

എന്റെ വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറൽ പോലും ഉണ്ടാകാനിടയാകരുത് എന്നതിൽ എനിക്ക് നിർബന്ധമുണ്ട്.

അത്തരം ചില പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടു. എന്റെ പൊതുജീവിതത്തിൽ ഒരിക്കൽ പോലും സ്ത്രീകൾക്കെതിരായി മോശപ്പെട്ട പരാമർശം ഉണ്ടായിട്ടില്ല.

ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായി പോലും, മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്.
എങ്കിലും അതിനിടയാക്കിയ വാക്കുകൾ പിൻവലിച്ച് അതിൽ നിർവാജ്യം ഖേദം പ്രകടിപ്പിക്കുന്നു.

സർക്കാർ സംവിധാനത്തിൽ സംഭവിച്ച ഗുരുതരമായ പിഴവിന്റെ ഫലമായിട്ടാണ് കേരളത്തിൽ രണ്ട് യുവതികൾ പീഡനത്തിനു ഇരയായായത്. ആറന്മുളയിലെ ആംബുലൻസിൽ പീഡിപ്പിച്ചതിന്റെയും തിരുവനന്തപുരത്തു ഹെൽത്ത് ഇൻസ്പെക്ടർ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിന്റെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനാണ്.

ലോകത്തിന്റെ മുന്നിൽ കേരളത്തെ തീരാകളങ്കത്തിലേക്കു തള്ളിയിട്ട ഈ രണ്ട് സംഭവങ്ങളുടെയും ഉത്തരവാദിത്വം ആരോഗ്യവകുപ്പ് ഏറ്റെടുക്കണം. പ്രതികൾക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വീഴ്ചയും അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാനുള്ള നടപടി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top