Breaking News

പരസ്യമായി എതിർത്തവർ രഹസ്യമായി സഹായിച്ചു;ഈ സർക്കാരിനൊപ്പം പ്രതിപക്ഷം ഉണ്ടാവില്ല: ചെന്നിത്തല

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പോയതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിർത്ത സർക്കാർ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് വ്യക്തമായതായി ചെന്നിത്തല പറഞ്ഞു. ലേലത്തിൽ പങ്കെടുക്കാനുള്ള ഉപദേശം ആരുടേതാണെന്നും ചെന്നിത്തല ചോദിച്ചു. സർക്കാരിന്റെ സമിതിയാണ് ടെൻഡറില്ലാതെ അദാനിയുടെ മരുമകളുടെ കമ്പനിയെ തിരഞ്ഞെടുത്തത്. എന്തുകൊണ്ട് സിയാലിനെ കൺസൾട്ടന്റാക്കായില്ല.

കെപിഎംജിയുടെ കൺസൾട്ടൻസിയായുള്ള വരവ് തന്നെ ദുരൂഹമാണ്. ഇതിൽ ടെൻഡറുണ്ടോ. 10 ശതമാനം പ്രൈസ് പ്രിഫറൻസുണ്ടായിട്ടും കേരളം ടെൻഡറിൽ പരാജയപ്പെടുകയുണ്ടായി. വളരെ ദുരൂഹമായ ഇടപാടുകളാണ് നടന്നത്. ആര് നിർദേശിച്ചിട്ടാണ് ടെൻഡറില്ലാതെ ഈ രണ്ട് കമ്പനിയെ കൺസൾട്ടന്റാക്കിയത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അദാനിക്ക് താത്പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് തന്നെ സംശയാസ്പദമാണ്.

ഈ ടെൻഡർ നടപടികൾ പുരോഗമിക്കുന്ന സമയത്ത് ഗുജറാത്തുകാരനും ഗുജറാത്ത് കേഡറിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡിസിയുടെ എംഡിയാക്കി കൊണ്ടുവന്നു. ഞാൻ മനസ്സിലാക്കുന്നത് ഈ ലേലത്തിന്റെ സമയത്ത് ഇദ്ദേഹമായിരുന്നു എംഡി. ലേലം കഴിഞ്ഞതോടെ അദ്ദേഹത്തെ ആ ചുമതലയിൽ നിന്ന് മാറ്റി. ഇത് യാദൃച്ഛികമല്ല. അദാനിയുടെ താത്പര്യം സംരക്ഷിക്കാനല്ലേ ഇത്. നമ്മൾ ഉറപ്പിച്ച ലേലത്തുക മനസ്സിലാക്കിയാണ് അദാനി ഉയർന്ന തുക ലേലത്തിൽ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ചുമതലയുള്ള സെക്രട്ടറിയായി ഇപ്പോൾ ഈ ഐഎഎസ് ഉദ്യോഗസ്ഥൻ പ്രവർത്തിക്കുകയാണ്. വലിയ ഉഡായിപ്പായിട്ടാണ് ഇത് ഉയർന്നുവരുന്നത്. ഈ സർക്കാരിനെ വിശ്വസിക്കാൻ കൊള്ളില്ല. അദാനിയുടെ താത്പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാൻ കൊള്ളില്ല. ഇരയോടൊപ്പാണെന്ന് പറയുകയും വേട്ടക്കരോടൊപ്പം ഇരുട്ടിന്റെ മറവിൽ വേട്ട നടത്തുകയും ചെയ്യുന്ന ഈ സർക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ല. വ്യാപകമായ അഴിമതിയും കൊള്ളയുമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top