മുംബൈ: മരിക്കുന്നതിന് ആഴ്ചകള്‍ക്കു മുമ്പ് ബോളിവുഡ് നടന് സുശാന്ത് ഗൂഗിളില്‍ തിരഞ്ഞത് മൂന്നു കാര്യങ്ങള്‍. ആദ്യം തിരഞ്ഞത് സ്വന്തം പേരാണ്. രണ്ടാമത് ഏറ്റവും കൂടുതല്‍ തിരഞ്ഞത് മുന്‍ മാനേജര്‍ ദിഷ സാലിയാനെക്കുറിച്ച്. മൂന്നാമത് ഒരു മനോരോഗത്തെക്കുറിച്ചുള്ള വിവരങ്ങളാണ് സുശാന്ത് കൂടുതല്‍ തിരഞ്ഞതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു.
ജൂണ്‍14ന് മരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് സുശാന്ത് സ്വന്തം പേര് ഗൂഗിളില്‍ തിരഞ്ഞിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കലിന ഫോറന്‍സിക് ലാബില്‍ സുശാന്തിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും പരിശോധിച്ചതില്‍നിന്നാണ് ഈ വിവരങ്ങള്‍ ലഭിച്ചതെന്നു പൊലീസ് പറഞ്ഞു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. എല്ലാ പണകൈമാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ജിഎസ്ടിക്കു വേണ്ടി 2.8 കോടി നല്‍കിയതാണ് ഏറ്റവും വലിയ ട്രാന്‍സ്ഫര്‍.