Breaking News

മുഖ്യമന്ത്രി ആയിരം തവണയെങ്കിലും മാപ്പ് പറയേണ്ട സമയം കഴിഞ്ഞു;അവസരം നോക്കി അപമാനിക്കുന്നു;മറുപടിയുമായി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:ഇന്നലെ മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലെ ആക്ഷേപത്തോട് ശക്തമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമർശനം ഉന്നയിച്ചത്. പ്രതിപക്ഷത്തെ എത്രത്തോളം ആക്ഷേപിച്ചാലും അപഹസിച്ചാലും കൊവിഡ് പ്രതിരോധത്തിന് മുന്നിലുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇന്ന് ചെയ്യേണ്ടത് പിആർ വർക്കല്ല. കൂടുതൽ ടെസ്റ്റ് നടത്തി കൊവിഡ് വ്യാപനം ഇല്ലാതാക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. മരണ സമയത്ത് ഓക്സിജൻ പോലും നൽകാതെ എക്സൈസ് ജീവനക്കാരനോട് ക്രൂരത കാട്ടിയെന്നും അദ്ദേഹം ആരോപിച്ചു. 

മുല്ലപ്പള്ളിയുടെ പരാമർശത്തെകുറിച്ച് മുല്ലപ്പള്ളി തന്നെ വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹം തന്നെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് വിശദീകരിച്ചു. അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കാൻ അനുവദിക്കില്ല. കോൺഗ്രസ് പാർട്ടിയെയും യുഡിഎഫിനെയും അവസരം നോക്കി അപമാനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. 
മുഖ്യമന്ത്രിയെ പോലെ ആളുകളെ അപമാനിക്കുന്ന പദപ്രയോഗം ആരും നടത്തിയിട്ടില്ല. താമരശേരി ബിഷപ്പിനെ നികൃഷ്ട ജീവിയെന്ന് വിളിച്ചു. ദൈവദാസനായ അദ്ദേഹത്തെ നികൃഷ്ട ജീവിയെന്ന് വിളിച്ചിട്ട് ഇതുവരെ മാപ്പ് പറഞ്ഞില്ല. ഇന്ത്യൻ പാർലമെന്റിലെ മികച്ച അംഗമാണ് എൻകെ പ്രേമചന്ദ്രൻ. അദ്ദേഹത്തെ പരനാറിയെന്ന് വിളിച്ചു, പിൻവലിച്ചില്ല. ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിക്കൊന്നിട്ട് ചോരയുടെ ചൂടാറും മുൻപ് കുലംകുത്തിയെന്ന് വിളിച്ചു. ചെറ്റ, ചെറ്റത്തരം എന്ന് പലവട്ടം മുഖ്യമന്ത്രി ഉപയോഗിച്ചു. മുല്ലപ്പള്ളിയുടെ പിതാവ് ഗോപാലനെ പോലും അപമാനിച്ചു. എ വിജയരാഘവൻ രമ്യ ഹരിദാസിനെ അപമാനിച്ചപ്പോൾ ഒരക്ഷരം മിണ്ടിയില്ല. സ്ത്രീകളെ കുറിച്ചുള്ള മന്ത്രിമാരുടെ പദപ്രയോഗത്തിനെതിരെ മുഖ്യമന്ത്രി മിണ്ടിയില്ല. കായംകുളം എംഎൽഎക്കെതിരായ പദപ്രയോഗത്തെ കുറിച്ച് ചോദിച്ചപ്പോൾ അങ്ങത് അറിഞ്ഞില്ല.

സെക്രട്ടേറിയേറ്റിൽ ഞങ്ങൾ സമരം നടത്തിയത് പ്രവാസികളോടുള്ള ക്രൂരതയ്ക്ക് എതിരെയായിരുന്നു. കൊവിഡ് കാലത്തെ സമരം മനോവിഷമമുണ്ടാക്കി. പലവട്ടം ആലോചിച്ചാണ് തീരുമാനം എടുത്തത്. ആദ്യമായാണ് പ്രതിപക്ഷ നേതാവായ ശേഷം ഉപവാസം നടത്തേണ്ടി വന്നത്. സഹോദരന്മാർ മരിച്ചുവീഴുമ്പോൾ, മുഖ്യമന്ത്രി ചെയ്യുന്നത് നീതിയാണോ? സെക്രട്ടേറിയേറ്റിലെ ഉപവാസത്തിന് സ്വാഭാവികമായി ആളുകൾ വന്നു. പ്രവർത്തകരോട് വരേണ്ടെന്ന് പറഞ്ഞിട്ടും വൈകാരികമായ വിഷയമായതിനാൽ ആളുകൾ വന്നു. കേസെടുക്കുന്നു, അതിൽ പ്രശ്നമില്ല. ടിപി കേസിലെ കുറ്റവാളി കുഞ്ഞനന്തന്റെ സംസ്കാര ചടങ്ങിൽ രണ്ടായിരം പേർ പങ്കെടുത്തു. പോത്തൻകോട് സ്കൂളിൽ മന്ത്രി പങ്കെടുത്ത പരിപാടിയിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസെടുത്തില്ല. മന്ത്രി മൊയ്തീനെതിരെയും മന്ത്രി സുനിൽകുമാറിനെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് കേസെടുത്തില്ല. ഇതൊക്കെ എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹചടങ്ങിൽ പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പങ്കെടുത്തു. മാസ്ക് ധരിക്കാതെ കല്യാണത്തിൽ ആളുകൾ പങ്കെടുത്തു.

പമ്പാ ത്രിവേണിയിൽ കഴിഞ്ഞ പ്രളയകാലത്ത് 150നും 200 കോടിക്കുമിടയിൽ വിലമതിക്കുന്ന മണൽ വിൽക്കാൻ ശ്രമിച്ചത് പുറത്തുകൊണ്ടുവന്നപ്പോൾ മുഖ്യമന്ത്രിക്ക് പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അന്നത് പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ മണൽ കോട്ടയത്തെ സ്വകാര്യ കമ്പനിക്ക് വിൽക്കുമായിരുന്നു. കള്ളക്കച്ചവടം പൊളിഞ്ഞപ്പോൾ പ്രതിപക്ഷത്തിന് നേരെ രോഷം, അതിനെ സ്വാഗതം ചെയ്യുന്നു.

കെഎസ്ഇബിയുടെ വൈദ്യുതിയുടെ പേരിലുള്ള കൊള്ളയെ ജനം ഒറ്റക്കെട്ടായി എതിർത്തു. യുഡിഎഫ് സമരം ജനം ഏറ്റെടുത്തു. 200 കോടിയുടെ സബ്സിഡി പ്രഖ്യാപിച്ചത് ഇതുകൊണ്ടാണ്. ലോകം മഹാമാരിയെ നേരിടുമ്പോൾ പത്ത് ചക്രം ഉണ്ടാക്കാമെന്ന് കരുതുന്നത് കള്ളനെ കൈയ്യോടെ പിടിച്ചപ്പോഴുള്ള ജാള്യത മറക്കാൻ. അതുകൊണ്ടാണ് മുഖ്യമന്ത്രി ഇന്നലെ ആഞ്ഞടിച്ചത്.

മുഖ്യമന്ത്രി ചൈനയെ പറ്റി മിണ്ടാത്തതെന്താണ്? ചൈനീസ് അതിക്രമത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. 20 സൈനികരുടെ രക്തസാക്ഷിത്വത്തെ കുറിച്ച് പിണറായി ട്വീറ്റ് ചെയ്തെങ്കിലും ചൈനയെ കുറിച്ച് പരാമർശിച്ചില്ല. യെച്ചൂരിയും ചൈനയെ കുറിച്ച് ഒന്നും പറഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാഷ്ട്രീയം പറയരുതെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. കൊവിഡ് പ്രതിരോധത്തിൽ യുഡിഎഫ് പ്രവർത്തകരും നേതാക്കളും ജാഗരൂകരായി മുന്നോട്ട് പോകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശങ്ങൾ പരമാവധി പാലിച്ച് മുന്നോട്ട് പോകാൻ യുഡിഎഫ് താഴേത്തട്ടിൽ വരെ ശ്രമിച്ചു. വാർഡ് തലത്തിൽ വരെ പാവപ്പെട്ടവരെ സഹായിക്കാൻ ഇടപെട്ടു. മരുന്നുകളെത്തിക്കാനും ഭക്ഷ്യക്കിറ്റുകളെത്തിക്കാനും ഓൺലൈൻ പഠന സൗകര്യം ഒരുക്കാനും യുഡിഎഫ് പ്രവർത്തകർ സജീവമായി പ്രവർത്തിച്ചു.

പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കുന്നു. ആയിരക്കണക്കിനാളുകൾക്ക് സഹായമെത്തിക്കാൻ ശ്രമം നടക്കുന്നു. മഹാ ദുരന്തം വരുമ്പോൾ രാഷ്ട്രീയം മറന്ന് യോജിക്കണമെന്ന മുഖ്യമന്ത്രിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. കൊവിഡ് കാലത്തെ ആശ്വാസ നടപടികൾ മുഴുവൻ സർക്കാരിന്റെ നേട്ടമായി വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ട്, അത് ശരിയല്ല. യോജിച്ച അന്തരീക്ഷം നഷ്ടപ്പെടുത്തിയത് മുഖ്യമന്ത്രിയും സർക്കാരുമാണ്. ഓരോ ഘട്ടത്തിലും രാഷ്ട്രീയം കളിച്ചു. കമ്യൂണിറ്റി കിച്ചണുകളുടെ കാര്യത്തിലും പാസുകളുടെ വിതരണത്തിലുമെല്ലാം അഭിപ്രായ വ്യത്യാസമുണ്ടായി. ഇതെല്ലാം മറന്ന് യുഡിഎഫ് ഇപ്പോഴും സഹകരിക്കുന്നുണ്ട്.

പ്രതിപക്ഷം ഏത് കാര്യത്തിലാണ് കൊവിഡ് പ്രതിരോധത്തിന് തുരങ്കം വച്ചത്? സർക്കാരിന്റെ എല്ലാ നടപടികളോടും ാസഹകരണം സ്വീകരിക്കുന്നുണ്ട്. ബംഗാളിലെ സിപിഎമ്മിന്റെ രീതിയല്ല കേരളത്തിൽ. കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറല്ല. പ്രളയം ഉണ്ടായപ്പോൾ മുഖ്യമന്ത്രിക്കൊപ്പം ഞാനും ദുരിതബാധിത മേഖലയിൽ പോയി. പ്രളയ ഫണ്ട് കൈയ്യിട്ട് വാരിയവരെ സംരക്ഷിക്കുകയല്ലേ മുഖ്യമന്ത്രി ചെയ്യുന്നത്. കുറ്റപത്രം നൽകാത്തത് കൊണ്ട് അവർക്ക് ജാമ്യം കിട്ടി. കുട്ടികൾ കുടുക്കയിൽ നിക്ഷേപിച്ച പണം പോലും പാർട്ടിക്കാർ കൊള്ളയടിച്ചു. 

പ്രളയകാലത്ത് പ്രത്യേകം അക്കൗണ്ട് വേണമെന്ന് പറഞ്ഞു. അതിന് തയ്യാറായില്ല. കൊവിഡ് കാലത്തും പ്രത്യേകം അക്കൗണ്ട് വേണമെന്ന് പറഞ്ഞു, അതിന് തയ്യാറായത് എന്തുകൊണ്ടാണ്? സർക്കാരിന് കൊവിഡ് കാലത്ത് പ്രതിപക്ഷം നിർദ്ദേശങ്ങൾ സമർപ്പിച്ചു. പലതും സർക്കാർ സ്വീകരിച്ചു, അംഗീകരിച്ചു. ക്രിയാത്മകമായി മുന്നോട്ട് പോയി. എന്നാൽ സർക്കർ പല കാര്യത്തിലും നടപടി സ്വീകരിച്ചില്ല.

പഞ്ചാബും രാജസ്ഥാനും ഹരിയാനും ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മറ്റ് സംസ്ഥാനങ്ങളിലെ അവരുടെ നാട്ടുകാരെ തിരിച്ചെത്തിച്ചു. കേരളം അത് ചെയ്തില്ല. ഒരു ബസ് പോലും അയച്ചില്ല, ഒരു ട്രെയിൻ പോലും ആവശ്യപ്പെട്ടില്ല. മഹാരാഷ്ട്ര പിസിസി ട്രെയിനിൽ ആളുകളെ എത്തിച്ചു. കർണ്ണാടകത്തിൽ നിന്ന് 19 ബസിൽ മലയാളികളെ തിരിച്ചെത്തിച്ചു. ഗൾഫ് നാടുകളിൽ കഴിയുന്നവരെ സംസ്ഥാന സർക്കാർ കബളിപ്പിക്കുന്നു. നോർക്കയ്ക്ക് എന്തെങ്കിലും സൗകര്യം ഒരുക്കാനായോ? ഒരു കുപ്പി വെള്ളമോ ആഹാരമോ നൽകിയില്ല. കോൺഗ്രസിനോടും ലീഗിനോടും ആഭിമുഖ്യമുള്ളവരാണ് സഹായിച്ചത്. ഏറ്റവും മാതൃകാപരമായ ഇടപെടൽ അവർ നടത്തി.

ഗൾഫ് മലയാളികളെ തിരികെ കൊണ്ടുവരാൻ ഇപ്പോഴും ഒരു നടപടിയുമില്ല. ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ല. അവിടെ കിടന്ന് മരിക്കട്ടെയെന്ന് നിലപാട്. മിറ്റിഗേഷൻ എന്നാൽ ലഘൂകരണം എന്നാണ് അർത്ഥം. കൊവിഡിനെ നേരിടാൻ വിവിധ പ്രവർത്തനങ്ങളുണ്ട്. അതേക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതും പിൻവലിച്ചതും വിമർശനം നേരിടുന്നുണ്ട്. സമ്പൂർണ ലോക്ക്ഡൗൺ ഹോട്ട്സ്പോട്ടുകളിൽ മാത്രമായി ചുരുങ്ങിയില്ലേ. ഹോം ക്വാറന്റൈനും റൂം ക്വാറന്റൈനും ആയി ക്വാറന്റൈൻ തന്നെയാണ് മിറ്റിഗേഷൻ. പത്ത് വയസിനും 65 വയസിനും താഴെയുള്ളവരെ വീടുകളിലിരുത്തി മറ്റുള്ളവരെ തൊഴിൽ ചെയ്യാൻ അനുവദിക്കണമെന്നത് തന്നെയാണ് മിറ്റിഗേഷൻ രീതി. സൈബർ ഗുണ്ടകളുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാണു. അത് പാടില്ലായിരുന്നു. കൊവിഡ് കാലത്ത് അഴിമതിയുണ്ടായാൽ പ്രതിപക്ഷം പ്രതികരിക്കരുതെന്ന് പ്രോട്ടോക്കോളിലുണ്ടോ. വൻതോതിലുള്ള കൊള്ള ഞങ്ങൾ മൂടിവയ്ക്കണമായിരുന്നോ?

കൊവിഡിനെ സുവർണാവസരമായി കണ്ട് അഴിമതി നടത്താൻ ശ്രമിച്ചു. സ്പ്രിങ്ക്ളറിന് വിവരം വിൽക്കാൻ ആരാണ് അനുവാദം തന്നത്. അതെല്ലാം പൊട്ടിപ്പോയിട്ടില്ലേ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒന്നും പൊട്ടിപ്പോയില്ല, അത് കോടതിയിലാണ്. മുഖ്യമന്ത്രിയുടെ രണ്ടംഗ സമിതിയുടെ റിപ്പോർട്ട് എവിടെ? ജനങ്ങളെ കബളിപ്പിക്കുന്നതിന് പരിധിയുണ്ട്. സ്പ്രിംക്ലർ വിവാദം കോടതിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

Opposition leader Ramesh Chennithala replied yesterdays CM Pinarayi press meet 
 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top