Breaking News

ജോർജ് ഫ്ലോയിഡിന് കൊവിഡ് ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്;3 പൊലീസുകാർ കൂടി അറസ്റ്റിൽ

വാഷിംഗ്ടൺ:അമേരിക്കയിൽ വർണവെറിക്കിരയായി കൊല ചെയ്യപ്പെട്ട കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിന് കൊവിഡ് 19 ഉണ്ടായിരുന്നതായി പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരണപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപ് ഇദ്ദേഹത്തിൻ്റെ കൊവിഡ് ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു എന്ന് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ഏപ്രിൽ മൂന്നിന് നടത്തിയ ടെസ്റ്റ് പോസിറ്റീവ് ആയിരുന്നു എന്നാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുള്ളത്. പ്രകടമായ രോഗലക്ഷണങ്ങൾ ഫ്ലോയ്ഡിന് ഇല്ലായിരുന്നു എന്നും പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ആർഎൻഎ ടെസ്റ്റ് പോസിറ്റീവായതു കൊണ്ട് വൈറസ് പകരുന്നതാവണമെന്ന് നിർബന്ധമില്ല എന്നും റിപ്പോർട്ടിൽ സൂചനയുണ്ട്.

അതേ സമയം, ഫ്ലോയ്ഡിൻ്റെ കൊലപാതകത്തിൽ പരോക്ഷമായി പങ്കായ മറ്റു മൂന്ന് പൊലീസുകാർ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊലപാതകം നടക്കുമ്പോൾ ഡെറിക് ഷോവിനെ സംരക്ഷിച്ച് ചുറ്റും നിന്ന ടൗ താവോ, തോമസ് ലെയിൻ, ജെ അലക്സാണ്ടർ എന്നിവരാണ് അറസ്റ്റിലായത്. ഷോവിൻ്റെ മേലുള്ള കുറ്റം സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമാക്കി ഉയർത്തി. 40 വർഷത്തോളം തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് ഷോവ് ഒന്‍പത് മിനിറ്റോളം ജോര്‍ജിനെ കാല്‍മുട്ടിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ സൂചിപ്പിച്ചിരുന്നു.

കൊലപാതകത്തെ തുടർന്ന് അമേരിക്കയിൽ വ്യാപക പ്രതിഷേധമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജോർജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഉദ്യോഗസ്ഥൻ ഡെറിക്ക് ഷോവിനെ കസ്റ്റഡിയിലെടുത്തിരുന്നു. എങ്കിലും പ്രതിഷേധങ്ങൾക്ക് അയവുണ്ടായില്ല. ന്യൂയോർക്കിൽ അടക്കം രാജ്യത്തിലെ വിവിധ നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. പ്രതിഷേധങ്ങളെ നേരിടാൻ മിലിട്ടറി പൊലീസ് രംഗത്തിറങ്ങി. പലയിടങ്ങളിലും പൊലീസും പ്രതിഷേധക്കാരുമായി ഏറ്റുമുട്ടലുകളുണ്ടായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top