കോട്ടയം: താഴത്തങ്ങാടി വേളൂരില്‍ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുമരകം സ്വദേശിയാണ് കസ്റ്റഡിയിലായത്. കൊലപാതകം നടന്ന വീടുമായി ബന്ധമുള്ളയാളാണ് കസ്റ്റഡിയിലായത്.
താഴത്തങ്ങാടി പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് കഴിഞ്ഞ ദിവസം വീട്ടില്‍ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്. വീട്ടിനുള്ളില്‍ ഷീബയേയും ഭര്‍ത്താവ് മുഹമ്മദ് സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് ചികിത്സയിലാണുള്ളത്. രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെയാണ് കൊലപാതകം പുറത്തറിയുന്നത്.
രണ്ട് പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. ഷീബയെ ഷോക്കടിപ്പിക്കാനും ശ്രമം നടന്നു. കമ്പി ഇവരുടെ കാലില്‍ ചുറ്റിയിരുന്നു. ഒരു ഗ്യാസ് സിലിണ്ടര്‍ സ്വീകരണമുറിയിലെത്തിച്ച് തുറന്ന് വിട്ടിരുന്നു. അലമാര വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാനിന്റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച് പൊട്ടിച്ച നിലയിലുമായിരുന്നു. വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറും അക്രമി കവര്‍ന്നിട്ടുണ്ട്.