Business

സാമ്പത്തിക രംഗത്തെ പുതുപ്രവണതകളിലേക്ക് വെളിച്ചം വീശി ദക്ഷിണേന്ത്യയിലെ മെഗാ സംഗമം; ധനം ബിഎഫ്എസ്‌ഐ സമിറ്റും അവാര്‍ഡ് നിശയും കൊച്ചിയിൽ നടന്നു

കൊച്ചി: ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്തെ പുതിയ പ്രവണതകളിലേക്ക് വെളിച്ചം വീശി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംഗ് & ഫിനാന്‍സ് സംഗമമായ ധനം ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബിഎഫ്എസ്‌ഐ) സമിറ്റും അവാര്‍ഡ് നിശയും കൊച്ചിയില്‍ നടന്നു. കേരളത്തിലെ പ്രമുഖ ധനകാര്യ മാസികയായ ധനം സംഘടിപ്പിച്ച ഈ സംഗമത്തില്‍ രാജ്യത്തെ ബാങ്കിംഗ്, സാമ്പത്തിക, നിക്ഷേപ രംഗത്തെ വിദഗ്ധര്‍ പങ്കെടുത്തു. ധനം ബിസിനസ് മാഗസിന്‍ സംഘടിപ്പിക്കുന്ന മഹാസംഗമത്തിന്റെ മൂന്നാം എഡിഷനാണ് ഇത്തവണത്തേത്. 15 ലേറെ പ്രഭാഷകര്‍ ഇതില്‍ സംബന്ധിക്കാനെത്തി. ഹോട്ടല്‍ ലെ മെറിഡിയനില്‍ നടന്ന സമ്മിറ്റില്‍ ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ രംഗത്തെ പുതിയ പ്രവണതകള്‍, വെല്ലുവിളികള്‍, വിവിധ മേഖലകളിലെ നിക്ഷേപ സാധ്യതകള്‍, സമീപകാലത്തെ നയ മാറ്റങ്ങള്‍ വിവിധ മേഖലകളില്‍ ചെലുത്തുന്ന സ്വാധീനം, ഡിജിറ്റല്‍ ഡിസ്റപ്ഷനുകളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായി.

ഉദ്ഘാടന ചടങ്ങില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് എക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചെയര്‍മാനുമായ ആര്‍. ഭൂപതി മുഖ്യാതിഥിയായി സംസാരിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ഈ സാഹചര്യത്തില്‍ രാജ്യ വികസനത്തിന് നിര്‍ണായക സംഭാവന ചെയ്യുന്ന വിജയികളായ അത്യുന്നത വരുമാനമുള്ളവരെ പിഴിയുന്ന നികുതി സമ്പ്രദായം ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഭൂപതി പറഞ്ഞു. കൃത്യസമയത്ത് കൂടുതല്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കുന്ന ബിസിനസുകള്‍ക്ക് മാത്രമേ ഇന്നത്തെ കാലത്ത് നിലനില്‍പ്പുള്ളൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സമിറ്റ് പ്രോഗ്രാം കമ്മിറ്റി അധ്യക്ഷനും അവാര്‍ഡ് ജൂറി ചെയര്‍മാനും ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാനുമായ കെ പി പദ്മകുമാര്‍ കോണ്‍ഫറന്‍സ് വിഷയാവതരണം നടത്തി. സിന്‍ഡിക്കേറ്റ് ബാങ്ക് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ മൃത്യുഞ്ജയ് മഹാപാത്ര മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സമ്പദ് വ്യവസ്ഥയില്‍ വെല്ലുവിളികള്‍ എപ്പോഴും ഗുണപരമായ മാറ്റങ്ങള്‍ക്കാണ് വഴിതെളിച്ചിട്ടുള്ളതെന്ന് മൃത്യുഞ്ജയ് മഹാപാത്ര പറഞ്ഞു. ബാങ്കിംഗ്, ഇന്‍ഷുറന്‍സ് തുടങ്ങി എല്ലാ മേഖലകളിലും ലോകത്തുടനീളം അനുഭവപ്പെട്ട ഈ പ്രതിഭാസം തന്നെയാണ് ഇന്ത്യയിലും ആവര്‍ത്തിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ ബാങ്കിംഗ് സംവിധാനം ശക്തിപ്പെടുകയും ബാങ്കുകള്‍ മെല്ലെ കാലഹരണപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ദൃശ്യമായിക്കൊണ്ടിരിക്കുന്നതെന്ന് മഹാപാത്ര നിരീക്ഷിച്ചു. ബാങ്കിംഗ് രംഗത്തെ വെല്ലുവിളികളെക്കുറിച്ചും ആനുകാലിക മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വിശദമാക്കി.

എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ടി.സി സുശീല്‍കുമാര്‍, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ വി.പി നന്ദകുമാര്‍, മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ്, ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ചെയര്‍മാന്‍ പി.ആര്‍ രവി മോഹന്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍. ശ്രീനിവാസന്‍, സണ്‍ടെക് ഗ്രൂപ്പ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായ കെ. നന്ദകുമാര്‍, എസ്ബിഐ ചീഫ് ജനറല്‍ മാനേജര്‍ എം എല്‍ ദാസ്, ഫെഡറല്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ കെ.പി പദ്മകുമാര്‍, റിസ്‌ക് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് ശ്രീധര്‍ കല്യാണസുന്ദരം തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.ധനം പബ്ലിക്കേഷന്‍സ് ചീഫ് എഡിറ്ററും മാനേജിംഗ് ഡയറക്റ്ററുമായ കുര്യന്‍ എബ്രഹാം സ്വാഗതം പറഞ്ഞു. 

സിഎസ്ബി ബാങ്ക് മുന്‍ ചെയര്‍മാന്‍ ടിഎസ് അനന്തരാമന്‍, ക്ലബ് മില്യണയര്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പരേഷ് ജി സംഗാനി, ഡിബിഎഫ്എസ് സെക്യൂരിറ്റീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്, അഫ്‌ളുവന്‍സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജ്ംഗ് ഡയറക്ടര്‍ ഷൈനി സെബാസ്റ്റ്യന്‍ എന്നിവര്‍ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെയ്ക്കുന്ന ഓഹരി വിപണിയിലെ നിക്ഷേപം: ഇപ്പോള്‍ അനുയോജ്യമായ സമയമോ? എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ച നടത്തി. ഫെഡറല്‍ ബാങ്ക്‌ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ശ്യാം ശ്രീനിവാസനുമായി കൊല്‍ക്കത്തയിലെ ആഡമസ് സര്‍വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ ഉജ്ജ്വല്‍ കെ ചൗധരി ഫയര്‍ സൈഡ് ചാറ്റും നടത്തി.

സമാപന ചടങ്ങില്‍ ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍, ബാങ്ക് ഓഫ് ദി ഇയര്‍ എന്നിങ്ങനെ 10 അവാര്‍ഡുകള്‍ സമ്മാനിച്ചു. ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ശാലിനി വാര്യര്‍ക്കാണ് ധനം ഫിനാന്‍സ് വുമണ്‍ ഓഫ് ദി ഇയര്‍ 2019 പുരസ്‌കാരം. ഫെഡറല്‍ ബാങ്കിന് ബാങ്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരം സമ്മാനിച്ചു. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കാണ് കേരള ബാങ്ക് ഓഫ് ദി ഇയര്‍. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ഇന്ത്യ (ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍), ന്യു ഇന്ത്യ അഷ്വറന്‍സ് കമ്പനി (ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ഓഫ് ദി ഇയര്‍), സൗത്ത് ഇന്ത്യന്‍ ബാങ്ക് (എക്സലന്‍സ് ഇന്‍ സോഷ്യല്‍ കമിറ്റ്മെന്റ്), കെഎസ്എഫ്ഇ ( എന്‍ബിഎഫ്സി ഓഫ് ദി ഇയര്‍), മണപ്പുറം ഫിനാന്‍സ് ( വെല്‍ത്ത് ക്രിയേറ്റര്‍ ഓഫ് ദി ഇയര്‍) മുത്തൂറ്റ് ഫിനാന്‍സ് (കേരളാസ് മോസ്റ്റ് വാല്യൂഡ് കമ്പനി), മുത്തൂറ്റ് മൈക്രോഫിന്‍ ( മൈക്രോ ഫിനാന്‍സ് കമ്പനി ഓഫ് ദി ഇയര്‍) എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top