Kerala

മത സാഹോദര്യ മഹിമ വിളിച്ചോതി ശിവരാത്രി മഹോത്സവ എതിരേല്‍പ്പ് ഘോഷയാത്രക്ക് ജമാഅത്ത് കമ്മറ്റിയുടെ ഉജ്ജ്വല സ്വീകരണം

മാന്നാര്‍: തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവ എതിരേല്‍പ്പ് ഘോഷയാത്രക്ക് മാന്നാര്‍ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ ഉജ്വല സ്വീകരണം മാന്നാറിന്റെ മതസൗഹാര്‍ദ്ദത്തിന്റെ വേദിയായി. തൃക്കുരട്ടി മഹാദേവ സേവാ സമിതിയുടെയും ,ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെയും നേതൃത്വത്തില്‍ കടപ്ര ജയന്തപുരം കൈനിക്കര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച എതിരേല്‍പ്പ് ഘോഷയാത്ര പൂളിക്കീഴ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജപ്പന്‍ റാവുത്തര്‍ ഉദ്ഘാടനം ചെയ്തു.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, ഭസ്മക്കാവടി, ഉത്സവ ഫ്ളോട്ടുകള്‍, വിവിധയിനം കലാരൂപങ്ങള്‍, കെട്ടുകാഴ്ചകള്‍, വാദ്യമേളങ്ങള്‍ എന്നിവയോടൊപ്പം ആരംഭിച്ച എതിരേല്‍പ്പ് മാന്നാര്‍ മുസ്ലിം പള്ളിക്കു മുന്‍വശത്ത് വെച്ച് ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കല്‍, വൈസ് പ്രസിഡന്റ് നിയാസ് ഇസ്മായില്‍, സെക്രട്ടറിമാരായ നവാസ്, നൗഷാദ്, ട്രഷര്‍ കെ.എ സലാം, ജോയിന്റ് സെക്രട്ടറി ചെയര്‍മാന്‍ ഇക്ബാല്‍ തുണ്ടിയില്‍, എന്നിവരുടെ നേതൃത്വത്തില്‍ തൃക്കുരട്ടി മഹാദേവ സേവാ സമിതി ഭാരവാഹികളായ കലാധരന്‍ കൈലാസം, കെ കെ നായര്‍ പാര്‍വ്വതി വിഹാര്‍, അനിരുദ്ധന്‍ ചിത്രാഭവനം, അനുകുമാര്‍ അനുഭവനം, ഹരി എന്നിവരെ ബോക്കനല്‍കിയും ഷാള്‍ അണിയിച്ചും സ്വീകരിച്ചു. മധുര പാനിയവും മധുരപദാര്‍ഥങ്ങളും വിതരണം ചെയ്തു.

നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര്‍, ഭസ്‌കാവടികള്‍, കരകം, ശിങ്കാരിമേളം, പഞ്ചാരിമേളം, ചെണ്ടമേളം, ഉത്സവ ഫ്‌ളോട്ടുകള്‍, വിവിധയിനം കലാരൂപങ്ങള്‍, കെട്ടുകാഴ്ചകള്‍, തുടങ്ങിയവ ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. കൂടാതെ കുരട്ടിക്കാട് മുത്തരമ്മന്‍ ദേവീക്ഷേത്രം, കുരട്ടിശ്ശേരിയിലമ്മ ഭക്തജനസമിതി എന്നിവിടങ്ങളിലും എതിരേല്‍പ്പിന് സ്വീകരണം നല്‍കി. ടൗണിലെത്തിയ എതിരേല്‍പ്പിനെ കുരട്ടിശ്ശേരി കണ്ണങ്കാവില്‍ മുത്താരമ്മന്‍ ദേവീക്ഷേത്രം, ആലുംമൂട് ശിവപാര്‍വ്വതി ഭക്തജന സമിതി എന്നിവിടങ്ങളില്‍ നിന്നുള്ള ഘോഷയാത്രകളെത്തി സ്വീകരിച്ചു. തുടര്‍ന്ന് പരുമല തിരൂവാര്‍മംഗലം ക്ഷേത്രത്തില്‍ നിന്നുള്ള കെട്ടുകാള, കുന്നത്തൂര്‍ അയ്യപ്പ സേവാസമിതിയുടെ കെട്ടുകാള എന്നിവയോടൊപ്പം എതിരേല്‍പ്പ് ക്ഷേത്ര സന്നിധിയില്‍ എത്തിച്ചേര്‍ന്നു. കര്‍പ്പൂരാഴി, സേവ എന്നിവ നടത്തി. വര്‍ഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന പടിഞ്ഞാറെ നടതുറന്ന് ദര്‍ശനമേകിയും പുലര്‍ച്ചെ ശിവരാത്രി നൃത്തവും അരങ്ങേറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top