ടെന്നിസ്സി: കാമുകിയെ കാറിലിരുത്തി പെട്രോള്‍ ഒഴിച്ചു കത്തിച്ച പ്രതി ലി ഹാളിന്റെ (53) വധശിക്ഷ നടപ്പാക്കി. ടെന്നിസ്സിയില്‍ ഡിസംബര്‍ 5ന് വൈകിട്ട് 7 മണിക്കാണ് ശിക്ഷ നടപ്പാക്കിയത്. 1991 ലാണ് 22 വയസ്സുള്ള ട്രോയ്സി കൊല്ലപ്പെട്ടത്.
1976ല്‍ വധശിക്ഷ അമേരിക്കയില്‍ പുനഃസ്ഥാപിച്ചശേഷം നടപ്പാക്കുന്ന അന്ധനായ തടവുകാരന്റെ രണ്ടാമത്തെ വധശിക്ഷയാണിത്. മാരകമായ വിഷം കുത്തിവക്കുന്നതിനു പകരം ഇലക്ട്രിക് ചെയറാണ് പ്രതി ആവശ്യപ്പെട്ടത്. വൈകിട്ട് 7.10ന് ഇലക്ട്രിക് ചെയറിലിരുത്തി ശക്തമായ വൈദ്യുതി ശരീരത്തിലേക്ക് കടത്തിവിട്ടതിനെ തുടര്‍ന്ന് നിമിഷങ്ങള്‍ക്കകം മരണം സ്ഥിരീകരിച്ചു. മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പു ലി ജയിലിലെത്തുമ്പോള്‍ അന്ധനായിരുന്നില്ലെന്നും എന്നാല്‍ പിന്നീട് കണ്ണിനു കാഴ്ച നഷ്ടപ്പെടുകയായിരുന്നുവെന്നും അറ്റോര്‍ണി പറഞ്ഞു.
വധശിക്ഷക്കു ഇലക്ട്രിക് ചെയറിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പു അവസാന ആഹാരമായി ആവശ്യപ്പെട്ടത് ഒനിയന്‍ റിംഗ്സ്, പെപ്സി, ചീസ് കേക്ക്, ചീസ് സ്റ്റേക്ക് എന്നീവ ഉള്‍പ്പെടുന്ന മീലാണ്. 20 ഡോളറാണ് ഇതിനുവേണ്ടി അനുവദിച്ചിരിക്കുന്നത്.