ഒഡിഷ: സ്ക്കൂളില്‍ ഉച്ച ഭക്ഷണസമയത്ത് വിദ്യാര്‍ത്ഥികള്‍ പരിപ്പും ചോറും കഴിക്കുമ്പോള്‍ അവര്‍ക്കൊപ്പമിരുന്ന് കോഴിക്കറി കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വിദ്യാലയ സന്ദര്‍ശനത്തിനെത്തിയ ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസര്‍ ബിനയ് പ്രകാശ് സോയ്യെയാണ് സുന്ദര്‍ഗാവ് ജില്ലാ കളക്ടര്‍ നിഖില്‍ പവന് കല്യാണ്‍ സസ്പെന്‍ഡ് ചെയ്തത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമിരുന്ന് ഇയാള്‍ കോഴിക്കറി കഴിക്കുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറത്തായത്.
ഒക്ടോബര്‍ മൂന്നിന് ബോണ്‍യിലുളള പ്രാഥമിക വിദ്യാലയത്തില്‍ നടത്തിയ സന്ദര്‍ശനത്തിന് ഇടയിലായിരുന്നു സംഭവം. പ്രധാനാധ്യാപകന് തുപി ചന്ദന്‍ കിസനും മറ്റ് അധ്യാപകരും ചേര്‍ന്ന് മികച്ച സ്വീകരണമാണ് സോയ്ക്ക് സ്കൂളില്‍ ഒരുക്കിയത്. കുട്ടികള്‍ക്കൊപ്പം ഇരുന്ന് ഉച്ചഭക്ഷണം കഴിക്കണമെന്ന് സോയ് ആവശ്യപ്പെടുകയായിരുന്നു. അധ്യാപകരും സോയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇവര്‍ക്കെല്ലാം കോഴിക്കറിയും സാലഡും നല്‍കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ കഴിച്ചത് കോഴിക്കറിയല്ലെന്നും വിദ്യാലയത്തിലെ ഒരു അധ്യാപിക വീട്ടില്‍ നിന്ന് കൊണ്ടുവന്ന പച്ചക്കറിയാണെന്നും സോയ് വാദിച്ചു.
കടപ്പാട്: ഒഡിഷ സണ്‍ ടൈംസ്