തൃശ്ശൂര്‍: പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് സിബിഐയുടെ കുറ്റപത്രം. രണ്ടുപേര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി. പ്രതിപ്പട്ടികയില്‍ നിന്ന് നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി കൃഷ്ണദാസിനെ ഒഴിവാക്കിയിട്ടുണ്ട്. 2017 ജനുവരി 6 നാണ് ജിഷ്ണുവിനെ കോളേജ് ഹോസ്റ്റലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ്, വിവാദങ്ങള്‍ ശക്തമായതിനെത്തുടര്‍ന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സിബിഐ ഏറ്റെടുത്തത്. എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ജിഷ്ണുവിന്റേത് ആത്മഹത്യയാണെന്ന നിഗമനം ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ എന്‍ ശക്തിവേല്‍, ഇന്‍വിജിലേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ സി പി പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിരിക്കുന്നത്. നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോള്‍ അഞ്ചുപേരെയാണ് പ്രതികളായി കണ്ടെത്തിയിരുന്നത്.