ലക്നൗ: പതിനാലുകാരിയെ ക്രൂരമായി കൊലപ്പെടുത്തി കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ഉത്തര്‍പ്രദേശിലെ ജലൗനിലാണ് സംഭവം. പെണ്‍കുട്ടിയുടെ അയല്‍വാസിയെ അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ട് പോകലിനും കൊലപാതകത്തിനുമുള്ള കേസാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായോ എന്നറിയാന്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കണമെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം ചില കാര്യങ്ങള്‍ക്കായി വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. എന്നാല്‍ പിന്നീട് തിരികെ എത്തിയില്ല. തുടര്‍ന്ന് മാതാപിതാക്കള്‍ മകളെ കാണാനില്ലെന്ന് പോലീസില്‍ പരാതിപ്പെട്ടു. പ്രദേശത്തുള്ള ആളൊഴിഞ്ഞ സ്ഥലത്തുനിന്നും പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞതും കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലുമായിരുന്നു. കൊലപാതകത്തിന് മുമ്പ് ബലാത്സംഗം നടന്നിട്ടുള്ളതായി പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്. തുടര്‍ന്ന് പ്രദേശവാസിയായ യുവാവ് മകളെ ശല്യപ്പെടുത്താറുണ്ടെന്ന് മാതാപിതാക്കള്‍ പോലീസിന് പരാതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.