ചെന്നൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.ബി. ചന്ദ്രശേഖര്‍ (57) ആത്മഹത്യ ചെയ്തു. ചെന്നൈ മൈലാപ്പൂരിലെ വസതിയില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ചന്ദ്രശേഖറിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി റോയപേട്ട ആശുപത്രിയിലേക്ക് മാറ്റി. മുകള്‍നിലയിലെ മുറിയിലേക്ക് പോയ ചന്ദ്രശേഖര്‍ പിന്നീട് വാതില്‍ തുറന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഏറെനേരമായിട്ടും പ്രതികരണമില്ലാത്തതിനാല്‍ ഇവര്‍ ജനല്‍വഴി മുറിയില്‍ നോക്കിയപ്പോഴാണ് സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. കടബാധ്യതയും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസ് പറഞ്ഞത്.
ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിനും ഗോവയ്ക്കും വേണ്ടി കളിച്ചിട്ടുള്ള വി.ബി. ചന്ദ്രശേഖര്‍ 1986-ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി തിളങ്ങിയ ചന്ദ്രശേഖര്‍ 1988-90 കാലഘട്ടത്തില്‍ ഇന്ത്യന്‍ ഏകദിന ടീമില്‍ അംഗമായി. എട്ട് അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ജേഴ്സിയണിഞ്ഞു. ചെന്നൈയില്‍ ക്രിക്കറ്റ് പരിശീലന കേന്ദ്രം നടത്തിയിരുന്ന വി.ബി. ചന്ദ്രശേഖറിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡുമായി ഏറെ അടുപ്പമുണ്ടായിരുന്നു.