തിരുവനന്തപുരം: അടുത്ത വീട്ടിലെ നായയുമായി
അവിഹിതം ആരോപിച്ച് ഉടമസ്ഥന് വഴിയിലുപേക്ഷിച്ച പോമറേനിയന്‍ പട്ടിയെ ദത്തെടുത്താന്‍ സന്നദ്ധത അറിയിച്ച് നിരവധിപേര്‍. കഴുത്തില്‍ കുറിപ്പോടുകൂടി കഴിഞ്ഞദിവസമാണ് തിരുവനന്തപുരം ചാക്ക വേള്‍ഡ് മാര്‍ക്കറ്റിന്റെ മുന്നില്‍ നിന്ന് പീപ്പിള്‍ ഫോര്‍ അനിമല്‍ അംഗം ഷമീമിന് പട്ടിക്കുട്ടിയെ ലഭിച്ചത്. ദത്തെടുക്കാന്‍ സന്നദ്ധരായി ധാരാളം ആളുകളാണ് എത്തുന്നത്. കൂട്ടില്‍ കിടക്കാന്‍ താല്പര്യമില്ലാത്ത നായ്ക്കുട്ടിയെ പരമാവധി കൂട്ടിലിടാതെ തന്നെ വളര്‍ത്താന്‍ താല്പര്യവും സൗകര്യവും ഉള്ള ഒരു ഉടമസ്ഥനെ കാത്തിരിക്കുകയാണ് ഷമീം.
കൂട്ടിലിട്ടാല്‍ ഉടനേ കുര തുടങ്ങും. വീട്ടുവളപ്പില്‍ കറങ്ങിനടക്കാനാണ് കക്ഷിക്ക് താല്പര്യം. മീഡിയയിലെ താരമായതിനാല്‍ ഇവള്‍ക്ക് മീഡിയ എന്ന് തന്നെ പേരിട്ടാലോ എന്നാണ് ആലോചനയെന്നും ഷമീം പറയുന്നു. പോമറേനിയന്‍ വീട്ടുവളപ്പില്‍ കറങ്ങി നടക്കുന്നതിനാല്‍ ലാബ്രഡോര്‍ കുടുംബത്തെ കൂട്ടില്‍ത്തന്നെയിടേണ്ട സ്ഥിതിയാണ് ഷമീമിന്. കൂടുതല്‍ നായ്ക്കുട്ടികളെ സംരക്ഷിക്കാനുളള പരിമിതി കൊണ്ടാണ് ഇവളെ ആര്‍ക്കെങ്കിലും നല്കാന് ആലോചിച്ചതെന്നും ഷമീം പറഞ്ഞു.