തിരുവല്ല: നടുറോഡില്‍ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 60 ശതമാനം പൊള്ളലേറ്റതിന് പുറമെ പെണ്‍കുട്ടിയുടെ വയറ്റില്‍ കുത്തേറ്റിട്ടുമുണ്ട്. പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തല മുതല്‍ താഴോട്ട് പകുതിഭാഗം സാരമായി പൊള്ളിയ നിലയിലാണ്. മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവന്‍ കരിഞ്ഞു. പേശികള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. ഇതുമൂലം വൃക്കകള്‍ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 9.10ന് തിരുവല്ല റെയില്‍വേ സ്റ്റേഷന് റോഡില്‍ ചിലങ്ക ജങ്ഷനു സമീപത്താണ് സംഭവം. യുവതി റേഡിയോളജി കോഴ്സ് പഠിക്കുന്ന സ്ഥാപനത്തിലേക്ക് ബസ്സിറങ്ങി നടന്നുപോകുകയായിരുന്നു. ഇതേ ബസില്‍ വന്ന അജിന് യുവതിയുമായി സംസാരിച്ച് വരുന്നതിനിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഇയാള്‍ കത്തി കൊണ്ട് വയറ്റില്‍ കുത്തി. ബാഗിലെ കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച് ലൈറ്റര്‍ കൊണ്ട് കത്തിച്ചു. തീ ആളുന്നതിനിടെ, 10 ചുവട് മുന്നോട്ടോടിയ യുവതി പിന്നിലേക്ക് മറിഞ്ഞുവീണു. സമീപത്തെ കടകളിലും മറ്റും ഉണ്ടായിരുന്നവര്‍ ഫ്ളെക്സ് ബോര്‍ഡ് ഉപയോഗിച്ചും വെള്ളമൊഴിച്ചും തീകെടുത്തി ആശുപത്രിയിലെത്തിച്ചു.
സംഭവസ്ഥലത്തുതന്നെ നിന്ന അജിനെ നാട്ടുകാര്‍ പിടിച്ചുകെട്ടി പൊലീസിന് കൈമാറി.
പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതല്‍ അജിന് റെജി മാത്യുവിന് പെണ്‍കുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍, അജിനോട് പെണ്‍കുട്ടി ഒരുഘട്ടത്തിലും താല്പര്യം കാണിച്ചിരുന്നില്ല. പലവട്ടം യുവാവ് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും പെണ്‍കുട്ടി ഇതെല്ലാം നിരസിച്ചു. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും യുവാവ് വിവാഹക്കാര്യം അവതരിപ്പിച്ചെങ്കിലും അവരും തള്ളിപ്പറഞ്ഞതോടെയാണ് യുവാവ് ക്രൂരമായി പ്രതികാരം ചെയ്തത്. കൈയില്‍ കരുതിയിരുന്ന രണ്ടുകുപ്പി പെട്രോളില്‍ ഒരു കുപ്പി പെട്രോളാണ് യുവതിയുടെ ശരീരത്തേക്ക് ഒഴിച്ചത്.