റിസര്‍വ് ബാങ്ക് വായ്പാ നയത്തില്‍ റിപ്പോ നിരക്ക് 6.25 ശതമാനമായി കുറച്ചതിന്റെ അമിതാവേശമൊന്നും വിപണിയില്‍ പ്രകടമായില്ല.
സെന്‍സെക്സ് 4 പോയിന്റ് താഴ്ന്ന് 36,971ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 7 പോയിന്റ് വര്‍ധിച്ച് 11,069ലാണ് വ്യാപാരമവസാനിപ്പിച്ചത്.
റിപ്പോ നിരക്കിലെ കുറവ് വാഹന നിര്‍മാണ വ്യവസായത്തിന് ഗുണകരമാവുമെന്ന വിശ്വാസത്തില്‍ നിഫ്റ്റി വാഹന സൂചിക 2 ശതമാനം വര്‍ധിച്ചു. അശോക് ലൈലാന്റ് , അപ്പോളോ ടയേഴ്സ് എന്നീ ഓഹരികള്‍ക്ക് വില വര്‍ധിച്ചു.
ആര്‍ബിഐ നിരക്ക് കുറച്ചത് ബാങ്കിംഗ്് ഉപഭോക്തൃ കേന്ദ്രീകൃത എഫ്എംസിജി ഓഹരികള്‍, സ്റ്റീല്‍ പവര്‍, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാ സെക്ടര്‍ ഓഹരികള്‍ക്ക് പ്രയോജനകരമാണ്. ഇതോടെ കൂടുതലാളുകള്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ക്കായി രംഗത്ത് വരും. വാഹനങ്ങള്‍ കൂടുതല്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാവും.
കേരളം ആസ്ഥാനമായുള്ള മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 7 ശതമാനം വര്‍ധിച്ച് 104.45 രൂപയിലെത്തി. മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 6.61 ശതമാനം കൂടി 517 രൂപയിലെത്തി. ഈ രണ്ട് കമ്പനികളുടെയും മൂന്നാംപാദ അറ്റാദായം മികച്ചതായതിനാലാണ് വിലകള്‍ വര്‍ധിച്ചത്.
വ്യാപാരത്തിലുടനീളം സണ്‍ഫാര്‍മ ഓഹരികള്‍ മുന്നേറി. നാല് ശതമാനം വര്‍ധനവോടെ 438 രൂപയിലാണ് സണ്‍ഫാര്‍മ ഓഹരികള്‍ നിലനിന്നത്.
ഏഷ്യന്‍ വിപണികള്‍ പൊതുവേ ദുര്‍ബലമായിരുന്നു. വ്യാപാര വ്യാവസായിക മേഖലയിലെ മുരടിപ്പ് ആഗോള സാമ്പത്തിക മേഖലയില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.