തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. ചൊവ്വാഴ്ച വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ വിപണി ദുര്‍ബലമായി തുടര്‍ന്നു.
സെന്‍സെക്സ് 64.20 പോയിന്റ് നഷ്ടത്തില്‍ 35592.50 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 9.35 പോയിന്റ് ഇടിവോടെ 10652.20ലാണ് വ്യാപാരമവസാനിപ്പിച്ചത്. എനര്‍ജി, ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ്, ഓട്ടോ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.
ഐഷര്‍ മോട്ടോഴ്സ്, ഗെയില്‍, എല്‍ ആന്‍ഡ് ടി, ഹിന്ദുസ്ഥാന്‍ പെട്രോളിയം, പവര്‍ഗ്രിഡ് ഓഹരികളാണ് നിഫ്റ്റിയില്‍ നഷ്ടം രേഖപ്പെടുത്തിയത്. യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഒഎന്‍ജിസി ഓഹരികള്‍ക്കാണ് സെന്‍സെക്സില്‍ വില കുറഞ്ഞത്.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്രബജറ്റ് എങ്ങനെയാവുമെന്നാണ് നിക്ഷേപകര്‍ കരുതലോടെ കാത്തിരിക്കുന്നത്. ബജറ്റിന് ശേഷം മതി പുതിയ നിക്ഷേപം എന്ന മാനസികാവസ്ഥയിലാണ് നിക്ഷേപകരിലധികവും. അടുത്ത മൂന്ന് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രമാണിച്ച് വിപണി വലിയ ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമാവുമെന്നാണ് വിപണി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഏഷ്യന്‍ വിപണിയിലെ മുരടിപ്പ് തുടരുന്നതിനിടെ യുഎസ് ചൈന വ്യാപാരകരാര്‍ യുദ്ധം ഉടനെങ്ങും പരിഹരിക്കപ്പെടില്ലെന്ന ബോധ്യം ആഗോള നിക്ഷേപകരുടെ ആവേശം കെടുത്തിയിട്ടുണ്ട്.