തൃശ്ശൂര്‍: പ്രളയം മൂലം പുറംപോക്കിലെ കിടപ്പാടം പോലും നഷ്ടപ്പെട്ട് നാല് കുട്ടികളുമായി ഇപ്പോഴും ക്യാമ്പില്‍ കഴിയുന്ന, അന്നമനട പാണം പറമ്പില്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ച ബൈജുവിന്റെ ഭാര്യ ശാരിക്കും കുടുംബത്തിനും ജോയ് ആലുക്കാസ് ഫൗണ്ടേഷന് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ കട്ടിള വെയ്പ് ഇന്ന് നടന്നു.
ചാലക്കുടി കൊമ്പിടിയില്‍ അനില്‍ സംഭാവനയായി നല്കിയ രണ്ടര സെന്റ് ഭൂമിയിലാണ് ജോയ് ആലുക്കാസ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെആര്‍ സുമേഷ്, പള്ളി വികാരി അജി ചുങ്കത്ത്, വേളൂക്കര പഞ്ചായത്ത്പ്രസിഡന്റ് ഇന്ദിര തിലകന് ജോയ് ആലുക്കാസ് റീജണല്‍ മാനേജര്‍ ആഷിക് സേവ്യര്‍ എന്നിവര്‍ പങ്കെടുത്തു.
ചടങ്ങില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആദ്യ ധനസഹായം 1 ലക്ഷം രൂപയുടെ ചെക് കൈമാറി. നാല് കുഞ്ഞുങ്ങളും അമ്മയും അനിയനും അടങ്ങുന്ന കുടുംബത്തെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള വെല്ലുവിളി സ്വമനസാലെ സ്വീകരിക്കുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.കെ.ആര് സുമേഷ് പറഞ്ഞു.
ജോയ് ആലുക്കാസ് ഫൗണ്ടേഷന്സിന്റേയും മനസില്‍ നന്മയുള്ള, മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസുള്ള അനിലിനെ പോലുള്ളവരുടേയും സഹായത്താല്‍ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമാകുമ്പോള്‍ കേരള ജനത എല്ലാം ഒന്നിച്ച് കൈകോര്‍ത്താല്‍ ദുരിതമനുഭവിക്കുന്ന ഒരാളും നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരിക്കില്ല എന്ന് ജോയ് ആലുക്കാസ് റീജണല്‍ മാനേജര്‍ ആഷിക് സേവ്യര്‍ പറഞ്ഞു.