ഈ അവസ്ഥ മറ്റാര്‍ക്കും വരരുതെന്ന് മനസുരുകി പ്രാര്‍ത്ഥിക്കുകയാണ് ഫ്രാന്‍സില്‍ നിന്നുള്ള 19 വയസ്സുകാരി എസ്റ്റെല്ല. ഒരു ഹെയര്‍ ഡൈ അത്രയ്ക്കും അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു. സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് പുറകേ പായുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് എസ്റ്റെല്ലയുടെ ജീവിതം.
ഒരു ഹെയര്‍ ഡൈ ഉപയോഗിച്ച ശേഷം എസ്റ്റല്ലയ്ക്ക് സംഭവിച്ചത് ലോകം അറിയണം. മുടി ഡൈ ചെയ്യുന്നതിനു മുന്‍പേ അലര്‍ജി ടെസ്റ്റ് നടത്താനായി വളരെ കുറഞ്ഞ അളവിലുള്ള ഡൈ ഉപയോഗിച്ചതാണ് ഈ 19കാരിക്ക് വിനയായത്. ഡൈ ഉപയോഗിച്ച ശേഷം പെട്ടെന്നു തന്നെ തലയോട്ടിയിലും മുഖത്തും വല്ലാത്ത അസ്വസ്ഥത അനുഭവപ്പെട്ടു.
ഉടന്‍ തന്നെ എസ്റ്റല്ല വൈദ്യസഹായം തേടി അലര്‍ജിക്കെതിരെയുള്ള ആന്റിബയോട്ടിക്കുകള്‍ കഴിച്ചു തുടങ്ങിയെങ്കിലും മുഖത്ത് നീരുവയ്ക്കുന്നത് തുടര്‍ന്നു. പിറ്റേദിവസം ഉറക്കമുണര്‍ന്നപ്പോള്‍ മുഖം 22 ഇഞ്ചില്‍ നിന്ന് നീരുവച്ച് 24.48 ഇഞ്ചായി മാറിയിരിക്കുന്നു. അതുമാത്രമല്ല നാക്കുപോലും നീരുവച്ച് തൂങ്ങി. ഇതിനും പുറമേ ശ്വാസതടസ്സവും ഉണ്ടായി.
തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശനം തേടുകയും അടിയന്തിര ചികില്‍സയ്ക്ക് വിധേയയാകുകയും ചെയ്തു. അതിനു ശേഷമാണ് മുഖത്തെ നീര് അല്പമെങ്കിലും കുറയാന്‍ തുടങ്ങിയത്.
ഹെയര്‍ ഡൈയിലടങ്ങിയിരിക്കുന്ന പാരഫെനലിന്ഡയ്മിന് എന്ന രാസവസ്തുവില്‍ നിന്നുള്ള അലര്‍ജി മൂലമാണ് തനിക്കിങ്ങനെയൊരവസ്ഥ വന്നതെന്നാണ് എസ്റ്റെല്ല പറയുന്നത്. ഇത്തരത്തിലുള്ള അലര്‍ജികള്‍ സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാം. മാംസപേശികളുടെ ബലക്ഷയത്തിനും, ശ്വാസകോശ സംബന്ധമായ തകരാറുകള്‍ക്കും, വൃക്കസംബന്ധമായ രോഗങ്ങള്‍ക്കും വരെ കാരണമാകുമെന്നും എസ്റ്റെല്ല പറയുന്നു.