ഒരു പുഴയെ സ്വന്തം ഹൃദയത്തില്‍ സൂക്ഷിക്കുകയും അവയിലടിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ദിവസവും നിര്‍മ്മാജനം ചെയ്യുന്ന പാലയ്ക്കല്‍ ഖാദറിന് ഇന്ന് അഭിമാന ദിനം. 23ാമത് പിവി തമ്പിമെമോറിയല് പരിസ്ഥിതി അവാര്‍ഡ് പ്രശസ്ത സിനിമസംവിധായകന് രഞ്ജിത്തില്‍ നിന്നും ഇന്ന് ഖാദര്‍ ഏറ്റുവാങ്ങും. എറണാകുളം വൈ.എം.സി.എയില്‍ വൈകിട്ട് 5ന് നടക്കുന്ന ചടങ്ങില്‍ വിഡി സതീശന് എംഎല്‍എ അദ്ധ്യക്ഷനാവും.
കോഴിക്കോട് കുറ്റിക്കടവ് ചെറുപുഴയില്‍ നിന്ന് കഴിഞ്ഞ 20 വര്‍ഷമായി മാലിന്യം നീക്കുന്ന നിസ്വാര്‍ത്ഥ സേവനം വിലയിരുത്തിയാണ് ഖാദറിന് പരിസ്ഥിതി അവാര്‍ഡ് സമ്മാനിക്കുന്നത്. പുഴയില്‍ മത്സ്യം പിടിക്കുന്നതിനിടയിലാണ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും മറ്റ് മാലിന്യങ്ങളും ഖാദര്‍ ശേഖരിച്ച് സംസ്കരിച്ച് പുഴ വൃത്തിയാക്കി സംരക്ഷിക്കുന്നത്. പള്ളിക്കൂടത്തിന്റെ പടിവാതില്‍ പോലും കണ്ടിട്ടില്ലാത്ത 70കാരനായ ഖാദര്‍ പ്രകൃതി സംരക്ഷണത്തിന്റെ ഉന്നത വിദ്യാഭ്യാസമാണ് യുവ തലമുറയ്ക്ക് അനുകരിക്കാന്‍ കാണിച്ച് തരുന്നത്.