ബിഗ്ബഡ്ജറ്റ് ചിത്രം ഒടിയന്റെ ലൈഫ്സൈസ് സ്റ്റാച്യു ലുലു മാളിലെ പിവിആറില്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഒടിയന് മാണിക്യനെന്ന കഥാപാത്രത്തിന്റെ അതേരൂപഭാവമുളള ഒടിയന് സ്റ്റാച്യു കേരളത്തിലെ അമ്പതോളം പ്രമുഖ തീയേറ്ററുകളിലും വരും ദിവസങ്ങളില്‍ പ്രദര്‍ശനത്തിനെത്തും. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായാണ് കഥാപാത്രത്തിന്റെ ലൈഫ് സൈസ് സ്റ്റാച്യു പ്രൊമോഷന്റെ ഭാഗമായി പുറത്തിറക്കുന്നത്. ലുലുമാളിലെ പിവിആര്‍ തീയേറ്ററില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ സംവിധായകന് വി.എ ശ്രീകുമാര്‍ മേനോന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുമെത്തിയിരുന്നു.
ഒരുകാലത്ത് നാട്ടിന്‍പുറത്തെ സൂപ്പര്‍ഹീറോ ആയിരുന്നു ഒടിയന്. ഒടിയനെ തിരശ്ശീലയിലെത്തിക്കുമ്പോള്‍ പുതിയൊരു സൂപ്പര്‍ഹീറോയെയാണ് ആരാധകര്‍ക്ക് ലഭിക്കുന്നതെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് കേരളവിഷന് ഓണ്‍ലൈനോട് പറഞ്ഞു.
വടക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒടിയന് സങ്കല്‍പ്പത്തെ ആധാരമാക്കിയുളള ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഡിസംബറിലാണ് തീയേറ്ററുകളിലെത്തുന്നത്. മോഹന്‍ലാലിനൊപ്പം പ്രകാശ്രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.