വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണെന്നും വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. ഐപിസി 497 സ്ത്രീകളുടെ അന്തസ്സിന് കളങ്കം വരുത്തുന്നുവെന്നും കോടതി നിരീക്ഷിച്ചു.
തുല്യത ഭരണഘടന ഉറപ്പ് നല്കുന്ന മൗലികാവകാശമാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാല്പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണു വിധി പ്രഖ്യാപിച്ചത്. നിലവില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497 ാം വകുപ്പ് വിവാഹേതര ബന്ധത്തിലേര്‍പ്പെടുന്ന പുരുഷന്മാര്ക്കെതിരെ മാത്രമാണ്.
ഒരാള്‍ ജീവിത പങ്കാളിക്കൊപ്പം ഉറച്ച് നില്‍ക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ഭരണകൂടത്തിനാകില്ലെന്ന് അന്തിമവാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നും ദാമ്പത്യത്തിന്റെ പവിത്രത നഷ്ടപ്പെടുത്തുന്നതാണ് എന്നുമാണ് കേന്ദ്ര നിലപാട്. അതുകൊണ്ട് ഐ.പി.സി 497 ാം വകുപ്പ് അതേപടി നിലനിര്‍ത്തണം എന്നാണ് കേന്ദ്രം വാദിച്ചത്.