കൊച്ചി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ കുതിച്ചു ചാട്ടത്തിന് സഹായകരമാകുന്ന കേരള ടെക്നോളജി ഇന്നോവേഷന്‍ സോണിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കളമശ്ശേരി കിന്‍ഫ്രയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ് നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയിലെ ഏറ്റവും ബൃഹത്തായ അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് കിഫ്ബിയുടെ ധനസഹായത്തോടെ നടപ്പാകുന്നത്. കേരള ഐടി വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് 2020 ല്‍ പൂര്‍ത്തിയാകാന്‍ വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ നിര്‍വ്വഹണ ചുമതല.
പദ്ധതി പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമായി കേരള ടെക്നോളജി ഇന്നോവേഷന്‍ സോണ്‍ മാറുമെന്ന് ശിവശങ്കര്‍ ചൂണ്ടിക്കാട്ടി. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്ക് പുറമെ പരിശീലന കേന്ദ്രം, എക്സിബിഷന് സൗകര്യം, നിക്ഷേപകരുമായി കൂടിക്കാഴ്ചയ്ക്കുള്ള കേന്ദ്രം എന്നിവയും ഇതില്‍ സജ്ജീകരിക്കും.
സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും ഒരു കുടക്കീഴില് കൊണ്ടുവരാന്‍ ഇതിലൂടെ സാധിക്കും. ആക്സിലറേറ്ററുകള്‍, എയ്ഞ്ചല്‍ നിക്ഷേപകര്‍, വിദഗ്ധോപദേശകര്‍, ഇന്‍കുബേറ്ററുകള്‍ എന്നീ സൗകര്യങ്ങളെല്ലാം ഒന്നിച്ച് ലഭിക്കുന്ന ഈ പദ്ധതി ഇന്ത്യയിലെ തന്നെ ആദ്യത്തേതായിരിക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
കിന്‍ഫ്രയില്‍ നിന്നും ലഭിച്ച 13.2 ഏക്കറിലാണ് കെട്ടിടം വരുന്നത്. 2.07 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് ആദ്യത്തെ കെട്ടിടം. രണ്ടാം ഘട്ടത്തില്‍ 42000 ചതുരശ്ര അടിയുള്ള മറ്റൊരു കെട്ടിടം കൂടി വിഭാവനം ചെയ്യുന്നുണ്ട്. നിലവിലുള്ള ഭൂപ്രകൃതിയെ ബാധിക്കാതെയുള്ള നിര്‍മ്മാണമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
നിലവിലുള്ള കെട്ടിടം കൂടി കണക്കിലെടുത്താല്‍ അഞ്ചു ലക്ഷം ചതുരശ്ര അടിയാണ് കളമശ്ശേരിയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാത്രമായി ലഭിക്കുന്നത്. ഇതോടെ നാലായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവും.
500 സീറ്റുകളുള്ള തിയേറ്റര്‍, കണ്വെന്ഷന് സെന്ററുകള്‍, പരിശീലന കേന്ദ്രം, ഉത്പന്ന പ്രദര്‍ശന കേന്ദ്രം, പ്രദര്‍ശന കേന്ദ്രം, ഇന്‍കുബേറ്റര്‍ ഇടങ്ങള്‍, ചെറുകിട അപ്പാര്‍ട്ട്മെന്റുകള്‍, ഡോര്‍മിറ്ററി, ചെറുകിട ഓഫീസുകള്‍, പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയ എന്നിവ ഈ പദ്ധതിയിലുണ്ടാകും.